മോഹവലയക്കൂട്ടിൽ
അടയ്ക്കപ്പെട്ട മനുഷ്യർ
ആ കൂട്ടിലെ
പരിമിതിയ്ക്കുള്ളിൽ
ലഭിക്കുന്ന സുഖങ്ങളിൽ
മുഴുകി ജീവിച്ചു.
അർഹതപ്പെട്ടതു
ഔദാര്യമെന്നോർമ്മിപ്പിച്ചു
ഇടയ്ക്കിടെ ദാനം നൽകി
യജമാനൻമാർ അവരെ
വരുതിയിലാക്കി
വാഗ്ദാനമഴയിൽ
അവരുടെ കോപതാപ
നിരാശകളെ തണുപ്പിച്ചു.
വരാൻ പോകുന്ന
സുന്ദര ജീവിതത്തെ
വാങ്മയ ചിത്രങ്ങളാൽ
കാട്ടിക്കൊടുത്തവർക്ക്
പ്രതീക്ഷയുടെ
മഴവിൽ വിരിയിച്ചു.
മഴവിൽ കൊട്ടാരത്തിൽ
ജീവിക്കുന്ന അവർ
സ്വപ്നം കാണാൻ മറന്നു
ചിന്തകൾ മുരടിച്ചു
കേട്ടു മാത്രം പരിചയിച്ച
കാതുകൾ ജാഗരൂകമായി
ശബ്ദം മറന്നവർ
മൂകരായി
മൂകസാക്ഷികളായി
കടമയും കർത്തവ്യവും
മറന്നുപോയവർ
മൂഢരായി നിദ്രയിലാണ്ടു.

ഷാജി പേടികുളം

By ivayana