ഓണംകേറാ മൂലയിലുള്ളൊരു
ഓണം നിങ്ങള് കണ്ടിട്ടുണ്ടോ
കാണം വിറ്റുതുലച്ചിട്ടോണം
കൊണ്ടാടുന്നതു കണ്ടിട്ടുണ്ടോ….
ഓന്തുനിറത്തിനെ മാറ്റണപോലെ
വാക്കുകൾ മാറ്റണ കണ്ടിട്ടുണ്ടോ
കേക്കണ പാതിക്കാര്യം നാട്ടിൽ,
ദൂഷണമാക്കണ കണ്ടിട്ടുണ്ടോ
പര,ദൂഷണമാക്കണ കണ്ടിട്ടുണ്ടോ
അറിവില്ലാത്തൊരു കാര്യത്തിൽ ചിലർ
കലഹം കൂടണ കണ്ടിട്ടുണ്ടോ
അഴകുകുറഞ്ഞ മുഖത്തിനു കൃത്രിമ
അഴകുണ്ടാക്കണ കണ്ടിട്ടുണ്ടോ…..
ചൊറിയാചേമ്പിൻ കറിയിൽ നിങ്ങൾ
നെയ്യുപകർന്ന് കഴിച്ചിട്ടുണ്ടോ
ഉള്ളിലെ ദുഃഖം ഉള്ളിലൊതുക്കി
പുഞ്ചിരിതൂകണ കണ്ടിട്ടുണ്ടോ
ദുഖപ്പുഞ്ചിരി കണ്ടിട്ടുണ്ടോ
ബന്ധങ്ങൾക്കോരർത്ഥവുമില്ലെ
ന്നെന്നെങ്കിലുമതുതോന്നീട്ടുണ്ടോ
തോന്നിയതൊക്കെ ഉള്ളതുമുഴുവൻ
ഉള്ളുതുറന്നു പറഞ്ഞിട്ടുണ്ടോ
കണ്ടത് ചൊല്ലീട്ടന്തിക്കഞ്ഞി
മുടങ്ങിപ്പോയതു കണ്ടിട്ടുണ്ടോ
ഉത്തരത്തിലിരിപ്പതെടുക്കാൻ
കക്ഷത്തേതു കളഞ്ഞിട്ടുണ്ടോ
ദുഃഖിച്ചാകെയിരുന്നിട്ടുണ്ടോ
മൂത്തവർ ചൊല്ലും മുതുനാരങ്ങകൾ
കൈപ്പിനുശേഷം മധുരംതന്നോ
കൊക്കിനുവെച്ചു കുളക്കോഴിക്കതു
കൊണ്ടതു നിങ്ങൾ കേട്ടിട്ടുണ്ടോ
അന്തിക്കള്ളുകുടിച്ചിട്ടന്തംവിട്ടു
കിടക്കണ കണ്ടിട്ടുണ്ടോ…….
പാതച്ചാലിൽ കണ്ടിട്ടുണ്ടോ….
()

By ivayana