കുന്നു വില്ലനെ പ്രണയിച്ചു പ്രണയിച്ച്
കുന്നോളം വലുമയിൽ നിന്നും
മൺതരിയോളം ചെറുതായിപ്പോയവളെ
അവഗണനകൾ സീമകൾ കടന്നിട്ടും
പരംപുമാനെന്ന ലക്ഷ്യത്തെ
തനിയ്ക്കായ് നേടിയവളെ
മലയജപവനനിലും അലിഞ്ഞുചേർന്നിട്ടുണ്ടാകും
നീ വിസരിപ്പിച്ച വിശുദ്ധിയുടെ പരാഗങ്ങൾ !!
ഗിരിജയാണു നീയെങ്കിലും നന്ദനവനിയിലെ
പാരിജാതമായി നിന്നെയെണ്ണുവാനാണ് എനിക്കിഷ്ടം
നിൻ്റെ തീവ്രാനുരാഗത്തിനും
മേലെ കഞ്ചബാണശരപീഢയും
ചേരേണ്ടി വന്നു
മുക്കണ്ണൻ്റെ മനസ്സിളക്കാൻ
നിന്നിലനുരക്തനാകിലെന്ത്
ഹേതുവായവനെ കത്തിച്ചു തീർത്തില്ലേ കാമാരി ?
എന്നിട്ടുമെന്തേ പാർവ്വതീ
നീ ലക്ഷ്യം വെടിഞ്ഞു മടങ്ങിയില്ല?
പെണ്ണെന്നാൽ ചപലത മാത്രമല്ലെന്നും
ലക്ഷ്യഭേദിയായ ബാണത്തെക്കാൾ തീവ്രത
തീരുമാനങ്ങൾക്കുണ്ടെന്നും
അന്നേ തെളിയിച്ചവളെ
കരിം പാറയ്ക്കുള്ളിലും
കന്മദമുരുവാക്കാൻ
പ്രണയത്തിന് കരുത്തുണ്ടെന്നു
പെരുമാളിനു പാതിമെയ്യായ് തെളിയിച്ചവളെ
ഉത്തുംഗ ശൈലാഗ്രങ്ങൾ
ഗരിമപോറ്റുന്ന കൈലാസ കാഴ്ച്ചകളെക്കാൾ
ഉയരമാർന്നവളെ
അവിടുത്തെ തിരുമുന്നിലല്ലേ
ആദ്യ പ്രണാമമർപ്പിയ്ക്കേണ്ടു
നീ തന്നെയല്ലേ പ്രഥമ പൂജാർഹ !!!

സ്നേഹചന്ദ്രൻ ഏഴിക്കര

By ivayana