രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️
ഓണം വന്നതറിഞ്ഞില്ലേ നീ
ഓണക്കിളിമകളേ
ഓണപ്പൂവും കൊത്തിയെടുത്തു
വായോകിളിമകളേ …
ഓണപ്പൂക്കളമിടുവാൻ നീ
തരുമോ പൂ കിളിയേ?
ഓണപ്പാട്ടുകളൊപ്പം നമ്മൾ
പാടാം കിളിമൊഴിയേ…
പാട്ടുപാടി പാറിപ്പറന്നു നീ
കൂരകൾ തിരയേണം
കൂരയിലോണം കാണാമോ നീ
കോരനു ചിരിയില്ലേ ?
പാട്ടിൽപ്പാടുക സന്ദേശം നീ
നാടിനു കിളിമകളേ
മാമലനാട് മാറിയ മാറ്റം നീ
പാടുക കിളിമകളേ…
കാണംവിറ്റും ഓണമുണ്ണുക
പണ്ടേ പതിവല്ലേ
ഓണമുണ്ണാൻ ഓണക്കിറ്റുകൾ
പുതിയൊരു ശരിയല്ലേ?
ഓണമെന്നും പൊന്നോണം
വേണ്ടേ കിളിമകളേ
ഓണം പണ്ടേപ്പോലെയെന്നും
പുലരട്ടെ കിളിമകളേ…
നാടുംനഗരവുമാഹ്ളാദത്താൽ
നിറയൂ കിളിമകളേ
നാളെനമ്മുടെ നാട്ടിലിതെന്നും
നിറയട്ടെ കിളിമകളേ
ഓണം ഓണം പൊന്നോണം നീ
കാണുക കിളിമകളേ
വേണം വേണം എന്നെന്നും നീ
പാടുക കിളിമകളേ
ഓണം വന്നതറിഞ്ഞില്ലേ നീ
ഓമൽപൈങ്കിളിയേ
ഓണപ്പൂക്കൾ കൊക്കിലൊതുക്കി
വാ…വാ…..കിളിമകളേ…
വാ….വാ കിളീമകളേ…
