രചന : രാജു വിജയൻ ✍
വീണ്ടുമെൻ അങ്കണ തൈമാവു പൂത്തു..
വിങ്ങി തുടിച്ചൊരെൻ ആത്മാവു പൂത്തു..
തൊടിയിലെമ്പാടും പൂത്തുമ്പികൾ പാറി..
തെക്കിനി മുറ്റത്തൊരൂഞ്ഞാലൊരുങ്ങി…
പൂങ്കുല തല്ലിയ ബാല്യങ്ങളൊന്നായ്
പൂത്തുമ്പകൾ തേടി, പഴമയെ പുൽകി..
ആർത്തട്ടഹാസമായ്, കളിചിരിയോലും
ആർപ്പുവിളികളിൽ ഓണമൊരുങ്ങി…
ഓർമ്മ മുത്തശ്ശികൾ, ആമ്പൽക്കുളങ്ങൾ
വെറ്റിലച്ചെല്ലമുറങ്ങും മനങ്ങൾ..
വെയിലേറ്റു വാടുന്നോരരിയ നെൽപ്രാക്കൾ
വേദന തിങ്ങുമെന്നിടവഴി പൂക്കൾ…
നട്ടുച്ച തൻ നേർത്തൊരാലസ്യമേകും
പാട്ടുകൂട്ടങ്ങൾ തൻ ആരവ ചന്തം…!
എങ്ങുമുറക്കാത്തോരലസമീ ഞാനും
എണ്ണിപ്പെരുക്കുന്ന ബാല്യ നിനവും….
ഒരുനാളുമില്ലിനിയാ ഓണരാവും
കുട്ടിക്കുറുമ്പുകൾ ആടിയ മാവും…
എങ്കിലും വീണ്ടുമാ തൈമാവു പൂത്തു…
ആരിലും കൗതുകമാവാതെ പൂത്തു….
