രചന : അഷ്‌റഫ് കാളത്തോട്✍️
രാത്രി
മഞ്ഞുപോലെ വീണ മൗനത്തിൽ
ഞങ്ങളുടെ ഉറക്കം
ഒരു കുട്ടിയുടെ ചിരിപോലെ
നിഷ്കളങ്കമായിരുന്നു.
പെട്ടെന്നു
പൂട്ടുകൾ പൊട്ടുന്ന ശബ്ദം
സ്വപ്നത്തെ കീറിത്തെറിപ്പിച്ചു.
കാമറയുടെ കണ്ണുകളിൽ
നിഴലുകൾ ഓടിമറഞ്ഞു,
അവിടെ നിന്നു വളർന്നുവന്നത്
ഭയത്തിന്റെ നടുങ്ങൽ.
ഞങ്ങൾ വിറച്ചു.
കുഞ്ഞുങ്ങളുടെ ശ്വാസം
പിടയുമോ എന്ന ഭയത്തിൽ
ഞങ്ങളുടെ ഹൃദയം
പൂട്ടിന്റെ നടുക്കം പോലെ
തുടിച്ചു.
ഇരുട്ടിന്റെ മറവിൽ
കള്ളൻ നടന്നത്
വിശപ്പിന്റെ പിടിയിലായിരുന്നു.
കൈകൾ,
വെളിച്ചമില്ലാതെ വളർന്ന
കുട്ടിക്കാലത്തിന്റെ മുറിവുകൾ.
വാക്കുകൾ,
അവസരങ്ങൾ അടച്ചുവെച്ച
സമൂഹത്തിന്റെ കടുത്ത മതിലുകൾ.
അവർ കണ്ടത്
വിദേശത്തു നിന്നുള്ളവർ താമസിക്കുന്ന വീട്.
കണ്ടതുപോലെ തോന്നിയത്
സ്വർണ്ണത്തിന്റെ കനം.
പക്ഷേ കിട്ടിയത്
പൊടി പിടിച്ച പാത്രങ്ങൾ,
പൊട്ടിയ കസേര,
ഒരു കൊളുത്തില്ലാത്ത വിളക്ക്.
ഒടുവിൽ,
കൈകൾ നിറഞ്ഞത്
നിരാശ മാത്രം.
കള്ളന്മാരേ,
നിങ്ങൾ ഞങ്ങളുടെ ഉറക്കം കവർന്നു,
പക്ഷേ സ്വപ്നം ഒന്നും കൊണ്ടുപോയില്ല.
കാരണം സ്വപ്നങ്ങൾ
ലോക്കറുകളുടെ ഇരുമ്പിനകത്തല്ല,
ഞങ്ങളുടെ ഹൃദയത്തിനകത്താണ്.
കള്ളത്തിൻ്റെ വഴിയിൽ
ഭാവി ഇല്ലെന്ന്
കള്ളൻ തിരിച്ചറിഞ്ഞു
കൈകളിൽ കിട്ടിയത്
പണം അല്ല,
ഭയത്തിന്റെ ഇരുട്ട് മാത്രം.
ജീവിതം അവരെ
വാർത്തകളിലെ “താരങ്ങളാക്കും”
എന്നാൽ അതൊരു നാണക്കേടിന്റെ
പ്രകാശമല്ലാതെ മറ്റൊന്നുമല്ല.
അതിനാൽ, കേട്ടോ
വഴി മാറ്റണം.
വിയർപ്പിന്റെ വഴിയാണ്
മനുഷ്യന്റെ യഥാർത്ഥ സമ്പത്ത്.
കുറച്ചു കിട്ടിയാലും
അതിൽ മനസ്സമാധാനം ഉറപ്പാണ്.
അപ്പോൾ മാത്രമേ
നമുക്ക് ഒരുപോലെ
ശാന്തമായി ഉറങ്ങാൻ കഴിയു.
രാത്രി വീണ്ടും
നക്ഷത്രങ്ങളുടെ വെളിച്ചമാകു.
