രചന : ഗീത പ്രഭ ✍️
” പെറ്റ വയറിനെ
പോറ്റിയ ” അച്ഛൻ്റെ കഷ്ടപ്പാട് “
അതു നിലയ്ക്കാത്ത ഒരു
നോവാണ് ….
പെറ്റനോവിൻ്റെ കണക്കെടുപ്പിൽ
പലരും മറന്നുപോകുന്ന നോവ്
പ്രസവം അടുക്കുന്തോറും
മനസ്സിനുള്ളിലെ കനലുകൾക്ക്
തിളക്കം കൂടുന്നത് അയാൾ മാത്രം
അറിഞ്ഞു.
പണികഴിഞ്ഞു വരുമ്പോൾ തൻ്റെ
പ്രിയതമയ്ക്ക് ഇഷ്ടപലഹാരങ്ങൾ
വാങ്ങി ബാക്കി പൈസ അവളെ
ഏൽപ്പിക്കുമ്പോൾ അവൻ്റെ മുഖത്ത്
ഒരു പുഞ്ചിരി ഉണ്ടാകും….
പിറക്കാൻ പോകുന്ന തൻ്റെ
കുഞ്ഞിനെ ഓർത്തു അവൻ
അഭിമാനത്തോടെ ഒരച്ഛൻ്റെ ഗമയിൽ
അവളോട് പറയും….
എൻ്റെ കുഞ്ഞിനെ എനിക്ക്
പൊന്നുപോലെ വളർത്തണം.
അവളുടെ വയറിൽ നോവുമെന്നോർത്ത്
അമർത്താതെ ചുംബിക്കുമ്പോഴും
ഉള്ളിൽ ആരും കാണാതെ ഒരു കനൽ
എരിയുന്നുണ്ടാവും
പ്രസവ ചിലവിനു വേണ്ടി
പകലും രാത്രിയും ഒരുപോലെ ജോലി
ചെയ്ത അച്ഛന്മാർ ഏറെയാണ്.
ഒരച്ഛൻ്റെ നൊമ്പരം ശരിക്കും കാണുന്നത്
പ്രസവാർഡിന് പുറത്ത് കാത്തു
നിൽക്കുമ്പോഴാണ്.
തൻ്റെ കയ്യിലുള്ള പണം തികയുമോ
എന്ന ആശങ്ക……
തൻ്റെ പെണ്ണിന് അധികം വേദന
ഉണ്ടാകുമോ എന്ന ആവലാതി…..
തൻ്റെ കുഞ്ഞിന് കുഴപ്പമോന്നും
ഉണ്ടാവരുതേ എന്നുള്ള പ്രാർഥന
പിന്നെയും …….
ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ
അച്ഛൻ്റെ കഷ്ടപ്പാട് കൂടിവന്നു.
മക്കൾക്ക് കഥ പറഞ്ഞ് അന്നമൂട്ടുന്ന
അമ്മയുടെ കഥകളിൽ
അന്നത്തിന് വക തേടി പോയ
അച്ഛൻറെ കഷ്ടപ്പാടിന്റെ
കഥകൾ ഉണ്ടാവില്ല
ഇരുട്ടിൽ തപ്പി തടഞ്ഞു അച്ഛൻ
എത്തുമ്പോഴേക്കും കുഞ്ഞ്
ഉറങ്ങിയിട്ടുണ്ടാവും
ഉറങ്ങിക്കിടക്കുന്ന തൻ്റെ കുഞ്ഞിനെ
തഴുകി നെറ്റിയിൽ ഒരുമ്മകൊടുത്ത്
ആകാംക്ഷയോടെ അവൻ ചോദിക്കും
” അച്ഛാ ” ന്ന് എന്നെവിളിച്ചോടി മോൻ?
പ്രതീക്ഷയുടെ തിളക്കം മാത്രമല്ല
ആ കണ്ണുകളിൽ അടക്കാനാവാത്ത
ആഗ്രഹത്തിന്റെ ഒരു തിരയിളക്കം
തന്നെയാണ്…..
ഒടുവിൽ ഏറ്റവും ഒടുവിൽ…….
പലപ്പോഴും പല അച്ഛന്മാർക്കും
വല്ലാത്ത അവഗണന മാത്രം.
അച്ഛന്മാർ കരയുക കണ്ണിലൂടെയല്ല
കരയുന്ന കണ്ണുകൾ അവരുടെ
ഹൃദയത്തിലാണ്…..
അമ്മയുടെ വാക്കുകളിലൂടെയാണ്
കുഞ്ഞ് തൻ്റെ അച്ഛനെ അറിയുന്നത്
അമ്മമാരുടെ വാക്കുകളിൽ അച്ഛനെന്ന
സ്നേഹം നിറഞ്ഞു നിൽക്കട്ടെ.🙏