രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
ഓണമെന്നുള്ളം മനോജ്ഞമാക്കുന്നതാം
ആർദ്രവികാരമാണേവം പ്രകാശിതം
ഗ്രാമീണ ഹൃദയം കൊതിക്കും കുളിർരമ്യ-
വർണ്ണപ്രഭാതമായ് നീ തന്ന സുസ്മിതം.
വർണ്ണിച്ചിടാനറിയില്ലെന്റെ ഗ്രാമ്യകം
സ്വർണ്ണച്ചിറകേകിടുന്നയാഘോഷവും
വർണ്ണാഭ മലരുകളാലാർദ്ര മനസ്സുകൾ
നിർണ്ണയമൊന്നായെഴുതുന്ന നന്മയും.
സ്നേഹച്ചെരാതു തെളിച്ചതിൻ ചാരെയായ്
താരങ്ങളായി ശോഭിക്കുന്നതിൻ സുഖം
തീരെപ്പറഞ്ഞാൽ മതിയാകയില്ലതിൻ
നേരറിഞ്ഞീടാൻ ക്ഷണിക്കുന്നു കേരളം.
ഹൃത്താലെഴുതുന്നതാം സ്നേഹ കാവ്യമേ,
വൃത്തിയാക്കുന്നെത്ര ഗ്രാമീണ മനസ്സുകൾ
വ്യർത്ഥമാകുന്നില്ല; നീയേകി പുലരികൾ
പൊന്നോണ കാലമേ, ധന്യമീ നന്മകൾ.
തേൻ നുകരുന്നതാം ശാലീന ശലഭമായ്
പാറിപ്പറന്നതാ മെത്രയോ ബാല്യവും,
താളത്തിലാടിത്തിമിർത്തതാം സ്വപ്നവും,
തേടുന്നു; വീണ്ടുമാ സ്നേഹാർദ്ര ഗ്രാമവും.
വെഞ്ചാമരംവീശി നിൽക്കും വഴികളിൽ
സഞ്ചരിക്കുന്നു നാ,മിന്നിൻ സ്ഥലികളിൽ
സ്നേഹ, സമാധാനമില്ലാത്ത നിലകളിൽ;
തേടിയെത്തുന്നഭയ ഗ്രാമീണ പുലരികൾ.
പൊന്നോണമേ, സ്നേഹ വർണ്ണാഭ കാലമേ,
ആസ്വദിച്ചാനന്ദമേകുന്ന കാവ്യമേ,
ആശ്വാസദായികയാം മലയാളമേ,
മനസ്സുകൾക്കുള്ളിൽ വസിക്കു നീ, സ്നേഹമേ.
തിരുവാതിരക്കളിതൻ ഗ്രാമ്യ സുസ്മിതം
തിരുവോണ നാളിലാ, നവരമ്യ വാസരം,
കൂട്ടുകുടുംബമായണിചേർന്നതിൻ സുഖം;
പൊന്നോണ ഗ്രാമമേ, വർണ്ണാഭമനുദിനം.
പാടിക്കഴിയില്ല;യോർമ്മതൻ ചില്ലയിൽ
ഊഞ്ഞാലുകെട്ടിയാടുന്നെത്ര ബാല്യകം
സുകൃതമലയാളമാം വർണ്ണ പൊന്നോണമേ,
മഹനീയമായ് നിൽപ്പൂ; നന്മാർദ്രകേരളം.
