രചന : ഷാനവാസ് അമ്പാട്ട് ✍️
പൊന്നുമോളേ നിന്നെയോർത്തെൻ
നെഞ്ചകം നീറുന്നു
കാണുവാനായ് പൂതി ഖൽബിൽ
തേങ്ങലായ് നിറയുന്നു
നിൻ്റെ കൊഞ്ചൽ കേട്ടുണരാൻ
മോഹമുണ്ടെനിക്ക്
നെഞ്ചിലിട്ടുറക്കിടുവാൻ
ആശയുണ്ടെനിക്ക്
പൊന്നുമൊളെ……….
നീ ചിരിക്കുമ്പോളെന്നിൽ
പൂ നിലാ പരന്നു
നീ കരയുമ്പോളെൻ്റെ
മാറിടം പിളർന്നു
ഞാൻ പറഞ്ഞ കഥകളിൽ നീ
റാണിയായി മാറി
ഞാൻ നടന്ന വഴികളിൽ നീ
ചെമ്പനീർ മൊട്ടായി
നിൻ്റെ മൊഴി മുത്തുകൊണ്ട്
മാല കോർത്തു ഞാന്
എൻ്റെ വിരൽതുമ്പിൽ നീ
കുഞ്ഞു തെന്നലായി
വിധിയെനിക്ക് തന്നതില്ല
സുന്ദരമാം രാവുകൾ
വിലക്കിയോർക്കറിയില്ലെൻ
വാൽസല്യ തേൻ കടൽ
പൊന്നു മോളെ…………
നിൻ്റെ കുഞ്ഞുകൊലുസിൻ നാദം
കാതോർത്തു ഞാനിരുന്നു
നിർമലമാം മിഴികളിൽ
ഭൂലോകം ഞാൻ മറന്നു.
പിച്ചവെച്ച നാൾ മുതൽ നീ
എൻ്റെ നെഞ്ചിൻ ചൂടറിഞ്ഞു
പിണങ്ങുവാനാകുമോയെൻ
പുണ്യമാകും പൂ നിലവേ
പറയുവാനിനിയെത്രകഥകൾ
പാടുവാനോ താരാട്ട്
പാൽനിലാവിൽ തേരിലേറി
പറക്കുവാനിനിയെത്രദൂരം
മഷിയെഴുതിയ വാർമുഖിലേ
മറക്കരുതെൻ്റെ പൊന്നേ
കുഞ്ഞുടുപ്പണിഞ്ഞു നിൽക്കും
കുസൃതിയാം ചെഞ്ചൊടിയെ
പൊന്നു മോളേ……….
കാണുവാനായ് കാത്തിരുന്നു
കാലമെത്ര പോയ്മറഞ്ഞു
കാതമെത്ര ദൂരെയായെൻ
കാലുകൾ കുഴഞ്ഞുനിന്നു.
സാഗരങ്ങൾക്കപ്പുറമെൻ
നൊമ്പരമാം ഓർമ്മമാത്രം
വേർപെടുത്താനാവതില്ലെൻ
വേരുറച്ച പാനപാത്രം
കനവുകളിൽ നീ മാത്രമാണ്
നിനവുകളിൽ നീ മാത്രമാണ്
നിദ്രപൂത്ത വഴിയിലെങ്ങും
നിൻ്റെ കൊഞ്ചൽ നാദമാണ്.
നിൻ മുടിയിഴ തഴുകുവാനായ്
മോഹമുണ്ടെൻ പൂമലരേ
നിൻ നെറുകയിൽ മുത്തമിടാൻ
ആശയുണ്ടെൻ പൂമകളേ.
പൊന്നു മോളേ…………