രചന : ജിഷ കെ ✍
വിദൂരത യിലിരുന്ന് എന്നെയൊരാൾ
തീക്ഷ് ണമായി പ്രണയിക്കുന്നുണ്ട്…
നിഴലുകളിൽ ഒളിച്ചു നിന്ന് അയാൾ എന്നെ
അത്യഗാധമായി പ്രണയിക്കുന്നതിനാൽ
എന്റെ നിദ്രയിൽ നിറയെ നീല കുറിഞ്ഞികൾ…
നിത്യ സുഗന്ധികൾ…
രജനീ ഗന്ധകൾ…
പാതിരാ പ്പാലകൾ….
ഞാൻ ഇനിയും വിളിക്കാത്ത
ഒരു പേരിന് കാവൽ നിൽക്കുന്ന
ഒരുവൾ…
ഒഴിഞ്ഞ പൂക്കുടയിൽ
വസന്തത്തിന്റെ പാടുകൾ
തെരഞ്ഞ്
പകലുകൾക്ക് സൂര്യകാന്തി ഉടലുകളുള്ള
ചിത്രങ്ങൾ വരച്ചു ചേർക്കുന്നവൾ….
എന്റെ വേനലുകളുടെ കടത്തു വഞ്ചിക്കിപ്പുറം
അയാൾ ഒരു മഴ നനവുള്ള കൂക്ക്
കെട്ടിയിടുന്നുണ്ട്….
എന്റെ മേൽക്കൂരയ്ക്ക് മീതെ
എന്റെ ജാലകശീലകൾ ക്കരുകിൽ….
ചില്ലു ജന്നൽ പ്പാളികളിൽ…
തോർച്ചയിലേക്ക് എന്നെഴുതി വെച്ച
ഒരു പെരുമഴക്കാലത്തിന്റെ
മേൽവിലാസം…
ഞാൻ ഒഴുക്കുകൾ ചെരി ച്ച് വെച്ച്
ഇരു കരകളിലും
നനവിന്റെ സുഷിരങ്ങൾ
കണ്ടെത്താൻ ശ്രമിക്കുന്ന
പുഴ നന്നാക്കുന്ന ഒരുവൾ….
അയാൾ കടുത്ത ഇരുട്ടിലും
അത്രയേറെ നിഗൂഢമായ നിശബ്ദ തയാൽ
എന്നെ പ്രണയിക്കുന്നതിനാൽ
ഞാൻ നിത്യ പൂജ നടക്കുന്ന
ഒരു ദേവാലയമാവുകയും
അമ്പല മണികളിൽ
നിദ്ര വിട്ടുണരുന്ന
ദേവതേജസ്സാവുകയും ചെയ്യുന്നുണ്ട്…
ആ നേരം
കാണിക്കവഞ്ചികളിൽ
അയാൾ നിക്ഷേപിച്ച
ഒറ്റ പ്പെട്ട പര സഹസ്രം
പ്രണയ സൂക്തങ്ങളിൽ സുഖസുഷുപ്തിയിലിരിക്കുന്ന
പ്രണയ പ്രകൃതിയെ കാണുന്നു….
ശില സമാനമായ അവളുടെ
പ്രണയപ്പെരും കടൽ കാണുന്നു….
അതിരുകൾ ക്കതീതമായ അവളുടെ
പ്രണയ ശീലങ്ങൾ കാണുന്നു…
പാലാഴി സമാനം
അവളുടെ അനിർവ്വചനീമായ ആത്മാവ് കാണുന്നു….
ആരും കാണാതെ
അയാൾ എന്നെ കടുത്ത പ്രണയത്താൽ സ്പർശിക്കുന്നത് കൊണ്ട്
കടുത്ത കാലത്തിന്റെ അതിരു കളിൽ
എനിക്ക് ഒരു ചിത്രശലഭത്തിന്റെ
പുള്ളിയുടലുണ്ടാവുന്നു..
ഓരോ സ്വപ്നത്തിന്റെ പാതിയിലും
അയാളുടെ മാത്രം പ്രണയത്തിലേക്ക്
ഞാൻ ഉണർന്നു പോകുന്നു💚
