സിനിമാലോകത്തെ ഏറ്റവും വലിയ അംഗീകാരമായി ഓസ്കാർ അവാർഡിനെ നാം കണക്കാക്കുന്നു. മികച്ച നടൻ, നടി, സംവിധായകൻ, സിനിമ എന്നിങ്ങനെ മികവിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു ചോദ്യം ബാക്കിയാകും. ഏറ്റവും മോശം പ്രകടനങ്ങൾക്കോ സിനിമകൾക്കോ ഒരു അവാർഡ് വേണ്ടേ?
ഈ ചോദ്യത്തിനുള്ള രസകരമായ മറുപടിയാണ് ഗോൾഡൻ റാസ്ബെറി അവാർഡ്സ്, അഥവാ റാസ്സീസ് (Razzies). സിനിമാലോകത്തെ അമിത ഗൗരവത്തെ നർമ്മത്തിൽ പൊതിഞ്ഞ് കളിയാക്കാൻ വേണ്ടി 1981-ൽ ജോൺ വിൽസൺ എന്ന കോപ്പിറൈറ്റർ സ്ഥാപിച്ചതാണ് ഈ അവാർഡ്. ഓരോ വർഷവും ഓസ്കാർ പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം തന്നെ റാസ്സീസ് അവാർഡുകൾ പ്രഖ്യാപിക്കും. ഏറ്റവും മോശം നടൻ, നടി, ചിത്രം, സംവിധായകൻ തുടങ്ങി ഓസ്കാറിന് സമാനമായ 10 വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്.

ഈ അവാർഡിന്റെ മോമെന്റോ ഒരു റാസ്ബെറി പഴം വെച്ച് അലങ്കരിച്ച പ്ലാസ്റ്റിക്കിന്റെ ഒരു കപ്പാണ്. അതിന്റെ വില ഏകദേശം 5 ഡോളറിൽ താഴെ മാത്രമാണ്. ഓസ്കാർ അവാർഡിന്റെ ഗ്ലാമറസ് ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായ ചടങ്ങുകളാണ് റാസ്സീസിനുള്ളത്. സാമ്പത്തികമായി യാതൊരു സമ്മാനങ്ങളും ലഭിക്കില്ല, പക്ഷേ ലഭിക്കുന്നവർക്ക് ഒരുപാട് ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടിവരും.

റാസ്സീസ് അവാർഡിന്റെ തിരഞ്ഞെടുപ്പ് രീതിയും കൗതുകകരമാണ്. റാസ്ബെറി ഫൗണ്ടേഷനിൽ അംഗത്വം എടുക്കുന്ന ആർക്കും വോട്ട് രേഖപ്പെടുത്താം. വളരെ ചെറിയൊരു ഫീസ് നൽകി ആർക്കും ഈ ഫൗണ്ടേഷനിൽ അംഗമാകാൻ സാധിക്കും. ലോകമെമ്പാടുമുള്ള 1,100-ൽ അധികം അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്. ഓരോ വർഷവും ഇറങ്ങിയ സിനിമകളിൽ ഏറ്റവും മോശം സിനിമകൾ, അഭിനേതാക്കൾ തുടങ്ങിയവരെ ഇവർ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു.

റാസ്സീസിൽ നിന്ന് ഓസ്കാറിലേക്ക്..

ഏറ്റവും മോശം പ്രകടനങ്ങൾക്കുള്ള അവാർഡാണ് റാസ്സീസ് എങ്കിലും, ഈ അവാർഡ് ലഭിച്ച പല പ്രമുഖരും പിന്നീട് ഓസ്കാർ അവാർഡ് നേടിയവരാണ് എന്നത് ശ്രദ്ധേയമാണ്.
സാന്ദ്ര ബുള്ളോക്ക് ആണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. 2010-ൽ “ഓൾ എബൗട്ട് സ്റ്റീവ്” എന്ന സിനിമയിലെ മോശം പ്രകടനത്തിന് അവർക്ക് റാസ്സീസ് ലഭിച്ചു. എന്നാൽ അതേ വർഷം തന്നെ “ദ ബ്ലൈൻഡ് സൈഡ്” എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് അവർക്ക് ഓസ്കാർ അവാർഡും ലഭിച്ചു. ഒരേ വർഷം ഈ രണ്ട് പുരസ്കാരങ്ങളും നേടിയ ഏക നടിയാണ് സാന്ദ്ര.

ഇതുപോലെ ഹാലി ബെറിക്ക് “ക്യാറ്റ് വുമൺ” എന്ന സിനിമക്ക് റാസ്സീസ് ലഭിച്ചപ്പോൾ, അതിനുമുമ്പ് “മോൺസ്റ്റേഴ്സ് ബോൾ” എന്ന സിനിമക്ക് അവർക്ക് ഓസ്കാർ ലഭിച്ചിരുന്നു. ബെൻ അഫ്ലെക്ക്, ലിയനാർഡോ ഡികാപ്രിയോ എന്നിവരും റാസ്സീസും ഓസ്കാറും സ്വന്തമാക്കിയവരാണ്.

ഈ അവാർഡുകൾ നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ഒരു സിനിമയിലെ മോശം പ്രകടനം ഒരു നടന്റെ കഴിവിന്റെ അവസാന വാക്കല്ല. കഠിനാധ്വാനത്തിലൂടെ ഏത് മോശം പ്രകടനത്തിൽ നിന്നും മികച്ച പ്രകടനങ്ങളിലേക്ക് തിരിച്ചുവരാൻ സാധിക്കും എന്ന് ഈ താരങ്ങൾ നമുക്ക് കാണിച്ചുതരുന്നു.

വലിയശാല രാജു

By ivayana