രചന : സഫി അലി താഹ. ✍️
പുരുഷന്മാർ കരഞ്ഞാൽ എന്താണ് പ്രശ്നം?
അവരെ കരയാനും അനുവദിക്കില്ലേ? എന്ത് ലോകമിത്!
ഒരു വീടിനെ സംബന്ധിക്കുന്ന, ജോലിയെ സംബന്ധിക്കുന്ന, ബന്ധങ്ങളെ സംബന്ധിക്കുന്ന എന്തെല്ലാം ഏതെല്ലാം ടെൻഷനിലൂടെയാണ് ഒരു പുരുഷൻ കടന്നുപോകുന്നത്.!!
ഞാനിപ്പോൾ ചിരിക്കുന്നു എങ്കിൽ എന്റെ ഉപ്പയും ഇക്കയും ഒക്കെ എന്തെല്ലാം പ്രതിസന്ധികളും സങ്കടങ്ങളും ഞാൻ അറിയാതെ ശ്രദ്ധിക്കുന്നത് കൊണ്ടാകും.!അവർക്ക് പൊട്ടിക്കരയാൻ എത്ര അവസരങ്ങൾ ഉണ്ടായിക്കാണും. നമ്മെ വിഷമിപ്പിക്കണ്ട എന്ന് കരുതിയോ,
സമൂഹത്തിൽ കാലങ്ങളായി ‘പുരുഷന്മാർ ‘കരയാറില്ല എന്ന തെറ്റിദ്ധാരണ ചുറ്റിപടർന്നത് കൊണ്ടോ ഒക്കെ അവരത് സഹിക്കുന്നതാകും.
ചിറകളിൽ മട കെട്ടിയിരിക്കുന്നത് കണ്ടിട്ടില്ലേ? ഉൾക്കൊള്ളാനാകാത്ത വെള്ളത്തിന്റെ മർദ്ദം അധികരിക്കുന്നതാണ് അത് പൊട്ടാൻ കാരണം.പൊട്ടിയാൽ എന്തെല്ലാം നാശനഷ്ടങ്ങളണ്ടാകുമെന്നോ?!ചെറിയൊരു ഓട്ട ഇട്ടുകൊടുത്ത് വെള്ളം ഒഴുക്കി കളഞ്ഞെങ്കിലോ? ഇതുപോലെയാണ് കരച്ചിലും.അതുപോലെ സങ്കടങ്ങളും വേദനകളും അടക്കിവെച്ചാൽ ഹൃദയം പൊട്ടിപോകും. ടെൻഷനുകൾ എന്തൊക്കെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക?മനസ്സും ഹൃദയവും കണ്ണുകളും ശുദ്ധീകരിക്കാൻ കരച്ചിലിന് കഴിവുണ്ട് എന്നറിയില്ലേ?ചിരി മാത്രമല്ല അത്യാവശ്യമെങ്കിൽ കരയുന്നതും ആരോഗ്യത്തിന് നല്ലതാ.
ദേഷ്യം, കാമം, സന്തോഷം,….. തുടങ്ങി എല്ലാ വികാരങ്ങളും പുരുഷന്മാർക്ക് സ്വന്തമാണ്, അതുപോലെയാണ് കരച്ചിലും!പുരുഷൻ പബ്ലിക്കിൽ കരഞ്ഞാൽ അവരുടെ പൗരുഷം ചോർന്നു പോകുമോ? ഏതൊന്നും മനസ്സിൽ ഒതുക്കി മുഖംമൂടിയിട്ട് പെരുമാറാതെ എന്താണ് ഉള്ളിലുള്ളത് അത് പ്രകടിപ്പിക്കുന്നവരാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. ദേഷ്യം പ്രകടിപ്പിക്കുന്നത് അത് അക്‌സെപ്റ്റ് ചെയ്യുന്നവരോട്, നമ്മെ മനസിലാക്കുന്നവരോട് ഒക്കെയാണ്.കാമവും നമുക്ക് അർഹതപ്പെട്ടവരോട് മാത്രം പ്രകടിപ്പിക്കാം …..
കരച്ചിൽ പലപ്പോഴും അവസരം നോക്കാതെ വന്നുപോകും. അമിതമായ സന്തോഷമോ ദുഖമോ ഒക്കെ വരുമ്പോൾ കണ്ണുകൾ നമ്മെ അനുസരിക്കില്ല. അറിയാതെ നിറയും.ഒന്ന് കരഞ്ഞാൽ പല സ്‌ട്രെസ്സിൽനിന്നും ഒരുവിധം ആശ്വാസം കിട്ടും.
അതുപോലെയാണ് ദേഷ്യവും.നിയന്ത്രണം അറ്റുപോകുന്ന സമയത്ത് മാനസിക വിക്ഷോഭം അടക്കാൻ വയ്യാതെ പുറത്തേക്ക് വരുന്നതാണ്.അതിനെ തടയിട്ടാൽ ആ മനുഷ്യൻ അനുഭവിക്കുന്ന സ്ട്രെസ് കഠിനമാണ്. സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന്റെ അനേകം കാരണങ്ങളിൽ അവർ കരച്ചിൽ എപ്പോഴും ഉള്ളിലടക്കുന്നുവെന്നതും,ദേഷ്യം വന്നാൽ പലപ്പോഴും മറച്ചുവെച്ച് പെരുമാറാൻ ശ്രമിക്കുന്നു എന്നതും എല്ലാ സ്‌ട്രെസ്സും മനസ്സിലടക്കുന്നു എന്നതുമൊക്കെ ഉൾപ്പെടുന്നു..
പൊട്ടിക്കരയാൻ ഒരിടമുണ്ടാകണം, ദേഷ്യം പിടിക്കാൻ ഒരിടമുണ്ടാകണം, stress കുടഞ്ഞിടാൻ ഒരിടമുണ്ടാകണം. നിങ്ങൾക്ക് ഒരാളുടെ മുന്നിൽ കരയാൻ സാധിക്കുന്നു എങ്കിൽ അവരായിരിക്കും നിങ്ങൾക്ക് അത്രേം comfrt.
അതുപോലെ ഒരാൾക്ക് വേണ്ടിയാണ് ആ കരച്ചില്ലെങ്കിൽ അവരായിരിക്കും നിങ്ങളുടെയെല്ലാം. ഒരാളോട് അത്രേം ദേഷ്യം കാണിക്കുന്നു എങ്കിൽ അത്രേം സ്വാതന്ത്ര്യം ഉള്ളത്കൊണ്ടുമാകും…..
എല്ലാവർക്കും കണ്ണുനീർ ഗ്രന്ധികളുണ്ട്. മനസ്സിനെ കല്ലാക്കുന്നതാണ് പൗരുഷത്തിന്റെ അടിസ്ഥാനം എന്ന് തെറ്റിദ്ധരിക്കുന്നവർ ചിന്തിക്കുക,അങ്ങനെ പൗരുഷമുള്ളവന് മാനസികാരോഗ്യമോ ആത്മവിശ്വാസമോ ഇല്ലെന്ന്, കരഞ്ഞാൽ എന്തൊക്കെയോ നഷ്ടപ്പെടുമെന്ന് കരുതുന്നവരാണ് അവരെന്ന്. സ്വന്തം വികാരങ്ങൾ പോലും എക്സ്പ്രസ്സ് ചെയ്യാൻ ധൈര്യമില്ലാത്ത അവനെങ്ങനെ മാറ്റങ്ങളുടെ വാക്താവാകും? എന്റെ കാഴ്ച്ചയിൽ ഒരാൾ ചെയ്യുന്ന പ്രവർത്തികൾ കുറ്റമറ്റതാകുന്നതാണ് പൗരുഷവും സ്ത്രീത്വവും നിശ്ചയിക്കുന്നത്.
പുരുഷന്റെ സന്തോഷം എല്ലാവർക്കും അവകാശപ്പെട്ടതാണ്, അവന് പൊട്ടിച്ചിരിക്കാൻ,പുഞ്ചിരിക്കാൻ വിലക്കില്ല,അതിൽ ആർക്കും മാനഹാനി തീരെയില്ല. എന്നാൽ കരഞ്ഞാൽ അത് നാണക്കേടായി. പൊട്ടിച്ചിരിക്കുന്നത് പോലെയാണ് പൊട്ടിക്കരയുന്നതും എന്നുമാത്രം ഓർക്കുക!
അടക്കി നിർത്താതെ സങ്കടങ്ങളും വേദനകളും പെയ്തൊഴിയട്ടെ, ആരുടെയെങ്കിലും ചുമൽ കിട്ടിയില്ലെങ്കിലും ഒറ്റയ്ക്കായാലും…..തന്റെ വികാരങ്ങളെ മുഖംമൂടിയിൽ തളച്ചിടാതെ ശേഷിക്കുന്ന ജീവിതം ആയാസമില്ലാതെ ജീവിച്ചുതീർക്കാനാകട്ടെ ഓരോ പുരുഷന്മാർക്കും…..
