രചന : ശ്യാം കുമാർ എസ്✍
തുമ്പപ്പൂവേയുണരുക വേഗം
തുമ്പം കളഞ്ഞെതിരേൽക്കുക നീയേ
തൊട്ടാവാടിച്ചെടിയുണ്ടു നിൽപ്പൂ
തൊട്ടാലിക്കിളികാട്ടുന്നിതെന്തേ
ചെന്തീ പോലുടൽചന്തം കലർത്തി
തെച്ചീയെന്തൊരു തെറ്റുരചെയ്‌വൂ
ചേലിൽചെമ്മുകിലുമ്മ തന്നപ്പോൾ
ചുണ്ടുചുവന്നൊരു നൽചമ്പരത്തീ
സന്ധ്യമയങ്ങുന്ന നേരമായല്ലോ
നന്ദിച്ചിരിക്കെൻ്റെ നന്ത്യാരു കുട്ടീ
മൂലയിലെന്തേയിരിപ്പു മുക്കുറ്റീ
മുറ്റം മെഴുകുവാൻ നേരമായല്ലോ
കൃഷ്ണകിരീടമണിഞ്ഞവളെത്തി
കാൽക്കൽ വെച്ചു വണങ്ങി മുത്തശ്ശി
വാമനമൂർത്തിയ്ക്കുടയാട ചാർത്തീ
ചാരേ നിന്നു തൊഴുന്ന കല്യാണി
വാരിവിതറിയപോലരിപ്പൂവേ
കേൾക്കുന്നുകേളി കോളാമ്പികൾ
നീളേ തെല്ലുപരിഭവത്താലേ വിളറീ
നിൽക്കുന്നുവല്ലായ്മയാർന്നോരരളി
ചന്ദ്രികചായം പുരട്ടി മെയ്യാകേ
നിൽപ്പൂ നെയ്യാമ്പൽ പാതി മയങ്ങീ
ആലസ്യമോടുഷകന്യക മുങ്ങി-
പൊങ്ങീ നീളേ വനാന്ത വസന്തം
വാടാതിരിക്കേണം നീ മാത്രമല്ലേ
വാടാമല്ലികേപൊന്നോണമല്ലേ !
നിത്യകല്യാണംവരേണമെല്ലാർക്കും
നിസ്തുലനാമം ജപിക്കേ തുളസി
നേരമായ്നേരമായി പൂത്താലമേന്തൂ
ഗ്രാമതാരങ്ങളെയോണമായല്ലോ ‘

