രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
പൊന്നിൻ ചേലയുടുത്തരികത്തൊരു
സുസ്മിത സുദിനം നിൽക്കുമ്പോൾ
വസന്തകൈരളി സുമങ്ങളിൽ നവ-
നിറങ്ങൾ ചാലിച്ചെഴുതുന്നു.
ശ്രാവണ ചന്ദ്രിക പോൽ പുതു ചിന്തകൾ
ഉള്ളിൽ നിന്നുതുളുമ്പുന്നു
ഹരിതമനോഹര നാടേ, നിന്നുടെ,
തനിമ നുകർന്നേൻ പാടുന്നു.
ശാഖികളിൽ നിന്നുയരുന്നൊരുപോൽ
കുയിലിണകൾതന്നീണങ്ങൾ
ഓണ സ്‌മൃതികളുണർത്താനെത്തു-
ന്നൊത്തിരി ചിത്രപതംഗങ്ങൾ.
പുലരികൾ വെൺമുകിലാട കളേകവെ,
കൈരളിയാഹ്ലാദിക്കുന്നു;
തിലകക്കുറിയായ് ശാലീനതയെൻ
ഗ്രാമത്തിൽ നില നിൽക്കുന്നു.
ചെന്തെങ്ങിൻകുലപോലെൻ ഗ്രാമം
മന്ദസ്മേരം തൂകാനായ്
തഴുകിമറഞ്ഞൊരു കുളിർ മാരുതനും
തിരികേയിവിടേയ്ക്കെത്തുന്നു.
കാഞ്ചന വർണ്ണക്കതിരുകളിന്നും
സ്‌മൃതികളലഴകായ് നിറയുമ്പോൾ
തെളിനീർപ്പുഴയായ് മിഴിവോടൊഴുകി
യടുത്തുവരുന്നു തിരുവോണം.
തെളിഞ്ഞു മനവും മാനവുമൊരു പോ-
ലണിഞ്ഞൊരുങ്ങുക കേരളമേ,
തേൻമലരുകളാൽ രമ്യകലാപര-
മായൊരു പൂക്കളമെഴുതട്ടെ.
