പുതുമോടിയോടെ പുലരിയിലായി
പൂത്താലമേന്തിയ പ്രകൃതിയാമംഗന
പടിവാതിലിലായി അലങ്കാരമോടെ
പ്രസന്നതയോടെന്നെ വിളിച്ചപ്പോൾ.

പുത്തനുടുപ്പിട്ട് കുളിച്ചൊരുങ്ങി ഞാൻ
പൂക്കളമിടുവാനായൊരുങ്ങുമ്പോൾ
പമ്പയാറ്റിന്നോരത്തു തീപ്പന്തമാളുന്നു
പ്രതിശ്രുതിയാകുന്നിതാ ദുന്ദുഭികൾ.

പുളകം കൊണ്ടൊരാ സുന്ദരകാലത്തേ
പെരുമകളോരോന്നയവിറക്കുമ്പോൾ
പ്രകാശമായൊരെന്നധീശ്വരൻ്റേതാം
പ്രഭാവമമേറിയൊരാപുണ്യകാലത്ത്.

പദ്യങ്ങളോരോന്നും തിരകളായുള്ളിൽ
പാണൻ്റെ തുടിയിലെ പ്രാണതന്തുവിൽ
പാരതന്ത്രമില്ലാത്തൊരാദർശത്താൽ
പൂജ്യപുരുഷനായി അനുഭാവതരംഗം.

പാദുകമായോരാ അഷ്ടൈശ്വര്യങ്ങൾ
പാണിനിയായിപെരുമ്പറകൊട്ടുമ്പോൾ
പേരുംപെരുമയും മധുരമാമോർമ്മയും
പുതുവർഷമായിന്നും പെയ്തിറങ്ങുന്നു.

പൂജാർഹനാകിയ ദേവേന്ദ്രനുപ്പോലും
പൊൻതിരുമേനിയോടായസൂയയേറി
പരിപാലകനാകിയവിഷ്ണുവിനോട്
പറയുന്നേഷണിസ്ഥാനദൃഷ്ടനാക്കാൻ.

പ്രേരിതനാകിയ പൂജ്യനൊരുങ്ങുന്നു
പുതിയൊരു വേഷത്തിൽ കുള്ളനായി
പാഠം പഠിപ്പിച്ചന്ത്യമഹങ്കാരിയേയങ്ങു
പിറന്നോരാ മണ്ണിൽ നിന്നോടിക്കേണം.

പുകഴ്പെറ്റനദിക്കരെ യജ്ഞശാലയിൽ
പരിവാരമോടൊത്തു ഹവിസ്സായഗ്നിയിൽ
പ്രതിധ്വനിയാകുന്ന വേദമന്ത്രധ്വനിയാൽ
പൂജിക്കുന്നഗ്നിയേബലിയമരനാകാൻ.

പ്രസ്താവിച്ചൊരാ നിഷ്ഠയുൾകൊണ്ടു
പുണ്യാതിഥിയുടെ യാചനകേൾക്കുന്നു
പുലരുവാനായി മൂന്നടി മണ്ണു തന്നിടാൻ
പൊന്നുതമ്പുരാനൊന്നു കനിയേണം.

പാകമാകിയൊരാമഹാമനസ്ക്കനോ
പ്രേരണയാകുന്നൊരാമഹജ്ജീവിതം
പ്രസാധകമായൊരാ മഹാത്യാഗത്താൽ
പൂർത്തിയാകുന്നോരധീശ്വരനായെന്നും.

പ്രഹസനമല്ലാത്തോരാത്മാർഥതയാൽ
പൂജാർഹരാകുന്നു അസുരകുലമങ്ങു
പ്രസാരിതമാർന്നകർമ്മവിപാകത്താൽ
പ്രഭയായിയാളുന്ന അമൂർത്തഭാവൻ.

പരിവാരമടിമയായി കൈരളിയിൽ
പടരുന്നോരാഘോഷ പെരുമ്പറയാൽ
പൊന്നുതമ്പുരാനെ സൂര്യദേവനാക്കി
പുലരിയിലുദിക്കുന്ന തേജസ്വിയായി.

പൂജാർഹനായന്ത്യം സദൃശ്യതയാലെ
പരിസേവിതമായോരിഷ്ടത്തിനാലെ
പ്രകടോദിതമാഘോഷപ്പെരുമയാലെ
പ്രമോദമേറുന്നോരാകർഷണത്താലെ.

പെരുമയേറുന്നൊരാദർശപ്രദീപനം
പുലരിയിൽ കത്തുന്നു പൂമുഖത്തായി
പൊലിമയാലെന്നും കെടാതുള്ളിലായി
പടുതിരികത്താതെ കരുതുന്നെന്നുമേ.

പുലരട്ടെ പുകഴ്പ്പെറ്റ സമത്വരാഷ്ട്രം
പഴകട്ടെ പുലരി തന്നറിവാം ചിന്തകൾ
പെരുകട്ടെ സുമനസ്സുകളെങ്ങുമെങ്ങും
പാരിലപശ്രുതിയില്ലാത്തനുരാഗമായി.

By ivayana