പൊൻതിരിയിട്ട വിളക്കു തെളിഞ്ഞതു-
പോലെയുണർന്നൂ മലയാളം
കമനീയാമൃത സുകൃതം പകരാൻ
അരികിലണഞ്ഞൂ തിരുവോണം.
നൽപ്പുലരിക്കതിരാൽ മമ ഗ്രാമം
ഹൃത്തിലുണർത്തീ ഹരിനാമം
മാനവലോകമറിഞ്ഞൂ മഹിയിതിൽ
മാബലി നൽകിയ പൂക്കാലം.
ഉത്സാഹത്തേരുരുളുന്നൂ – പ്രിയർ
സാമോദത്തേൻ നുകരുന്നു;
കനകവിളക്കു കൊളുത്താനണയും
താരങ്ങൾ സ്മിതമരുളുന്നൂ.
കവിതകൾപോലുണരും ഗ്രാമങ്ങൾ
കർഷക ഹൃദയമുണർത്തുന്നൂ
കാനനപാതകൾ പോലുദയത്തിൻ
ചാരുതയേവമതേറ്റുന്നു
രമ്യ മഹായവനിക,യിന്നൊരുപോൽ
ഉയർത്തി മാനവ മലയാളം
തുടിതാളങ്ങളുയർന്നൂ മനസ്സുകൾ
സുവർണ്ണ കാവ്യമെഴുതുന്നു.
സ്മരണീയം നവ വത്സരമിതുപോൽ
തുടർന്നിടട്ടെയനുസ്യൂതം
വിടർന്നു സുകൃതവസന്തം പുതിയൊരു
കമനീയോത്സവമതിരമ്യം.
നിറഞ്ഞു ഹർഷ മുകുളങ്ങൾ നവ-
പുലരിതെളിക്കുന്നീ, ഹൃദയം
കൈരളിതൻ തിരുവോണം സുകൃതം;
പകരംവയ്ക്കാനില്ലൊന്നും.
ഒരുമനിറഞ്ഞവരിവിടെ വസിക്കാൻ
കനിവായ് നൽകിയൊരാരാമം;
കൈരളി;യെന്നുമുണർത്തുന്നൂ- സുഖ-
കാലം; ഹൃദയത്തുടിതാളം.
ഈ സ്നേഹത്തിൻ തീരത്തേക്കൊരു
മാനവഹൃത്തിൻ സമദൂരം
സാഹോദര്യത്തിന്റെ പ്രതീക്ഷാ-
യാനം നൽകുമതഭികാമ്യം.
മാതൃകയേകി വസിക്കുന്നിവിടൊരു,
സ്‌നേഹിതലോകം; മലയാളം
ആദരവേകും സന്മനസ്സുകളുടെ-
യാഘോഷത്തിൻ ഭൂമികയും.
വരിക മനോഹര വർണ്ണം നുകരാൻ
മാനവനാണെന്നോർമ്മിക്കാൻ
കൈരളിതൻ സവിശേഷതയാമൊരു
സംസ്കാരത്തെയുമുൾക്കൊള്ളാൻ.
ആഘോഷത്തിൻ പ്രിയമലയാളം
തിരുവോണത്തേൻ നുകരുന്നൂ;
ഹരിതമനോഹര ഗ്രാമം വിസ്മയ-
ചിത്രവിളക്കായ് തെളിയുന്നൂ..

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *