വന്ദനം ഗുരോ! ഞങ്ങൾ-
ക്കേകി നീ, അജ്ഞാനമാം
അന്ധകാരത്തിൽ തിരി-
ച്ചറിവിൻ വെളിച്ചത്തെ.
ഈ ഭൂമിതന്നിൽ ജീവി-
ച്ചിരുന്ന കാലത്തെല്ലാം
ആഭൂതിയഥസ്ഥിതർ-
ക്കായി നീ സമർപ്പിച്ചു.
ദേവ! നിൻ മഹാകർമ്മ-
സിദ്ധികളീനാട്ടിലെ
കേവലജനതതൻ
മോചനമുറപ്പാക്കി.
ഇവിടെയടിസ്ഥാന-
വർഗ്ഗത്തെ, വർണ്ണാശ്രമം
അടിയാളരാക്കിയ
ദുഷിച്ച കാലത്തിങ്കൽ
ഗരുവിൻ പ്രായോഗിക
വേദാന്തം തുണയായി
അവരിലെല്ലാം സ്വത്വ
ബോധത്തെയുണർത്തുവാൻ.
മർത്ത്യരിൽ മനുഷ്യത്വ-
മെന്നതുമാത്രം ജാതി,
മറ്റുള്ളതെല്ലാം ചൂഷ-
ണത്തിൻ്റെയുപാധികൾ.
മനനം ചെയ്യും വ്യക്തി –
ക്കുള്ളിലെ ബോധോദയം
മതമാകുന്നു, ജന്മം
കൊണ്ടതു കിട്ടില്ലാർക്കും .
അറിവാകുന്നു സാക്ഷാ –
ലീശ്വരൻ മനുഷ്യന്നു,
വെറുതെയല്ലോ ദൈവ-
നാമത്തിൽ വിതർക്കങ്ങൾ.
ലോകത്തോടങ്ങോതിയ
സന്ദേശങ്ങളിലെല്ലാം
“ഏകലോകത്തെ” വിഭാ –
വനം ചെയ്തിരുന്നല്ലോ.
മതവിദ്വേഷം ദുഷി –
പ്പിക്കുന്ന ജനങ്ങളിൽ
മദവും മാത്സര്യവും
രോഗമായ് പടരുന്നു.
ലോകമിന്നൊരു യുദ്ധ-
ക്കളമായ്, വെറുപ്പിൻ്റെ
ദീകരവിസ്ഫോടനം
ഭൂമിയെ തകർക്കുന്നു.
ഇനിയും മരിക്കാത്ത
മനുഷ്യത്വത്തെ പോറ്റാൻ
കനിവിൻ ഗുരുവിൻ്റെ
ദർശനത്തിനു സാധ്യം
അവർണ്ണർക്കൊരുമിച്ചു
കാണാനുമറിയാനും
അവരിലഭിമാന ബോധ –
ത്തെയുണർത്താനും
ക്ഷേത്രങ്ങൾ നിർമ്മിച്ചതു,
കേവലമുപാധികൾ
മാത്രമായിരുന്നതു,
നാം തിരിച്ചറിയുന്നു.
പണിയേണ്ടിനി ക്ഷേത്രം,
പകരം പള്ളിക്കൂടം
പണിയാനെഥാകാല –
മരുളി ഗുരു ദേവൻ.
ഒരു ജാതിയും മത –
വും തനിക്കില്ലെന്നുള്ള
ഗുരുവിൻ വിളമ്പര –
മുണ്ടായി രേഖാമൂലം.
“കണ്ണുപൊട്ടന്മാരാന –
യെ”യെന്നപോലെ ചിലർ
എണ്ണുന്നു ഗുരുവിൻ്റെ
ഗരിമ പലവിധം.
മതത്തെ നിരസിച്ച
തത്ത്വജ്ഞാനിയെയൊരു
മതത്തിൻ സന്യാസിയായ്
മുദ്രകുത്തുന്നു ചിലർ .
ജനസാമാന്യത്തിന്റ –
യജ്ഞത മുതലാക്കി
ഗുരുനാമത്തെ ചിലർ
ചൂഷണം ചെയ്തീടുന്നു.
ഗുരു ധർമ്മത്തിൻ പരി
പാലനം ഘോഷിക്കുന്ന
കപട ശിഷ്യർ ജാതി –
സംഘത്തെ വളർത്തുന്നു.
ദൂഷിത രാഷ്ട്രീയത്തിൽ
നേട്ടമുണ്ടാക്കാനവർ
ഭൂഷണമാക്കീടുന്നു
ഗുരുവിൻ ഛായാചിത്രം.
ധന്യജീവിതം കൊണ്ടു
ഗുരു നേടിയ ഖ്യാതി
അന്യഥാ സ്വാർത്ഥം നേടാൻ
ചൂഷണം ചെയ്യൂ ചിലർ.
നിത്യഭാസുരമായ,
യോഗിതൻ മരിക്കാത്ത
സത്യദർശനങ്ങൾക്ക്
കൃത്രിമ ഭാഷ്യം നൽകി,
തെല്ലു സങ്കോചംപോലു-
മില്ലാതെയധമന്മാർ
ചില്ലു പെട്ടിയിൽ പ്രദർ-
ശനത്തിനൊരുക്കുന്നു.
മരണശേഷം ലോക-
മനസ്സിൽ പാർക്കുന്നോർക്ക്
വരുമീവിധം നിർഭാ-
ഗ്യങ്ങളെന്നറിയുന്നു.
ജ്ഞാനസിദ്ധിയും കർമ്മ –
സിദ്ധിയും കൂട്ടിച്ചേർത്തു
മാനവികതയുടെ
രക്ഷകനായിത്തീർന്ന
ശ്രീ നാരായണ ഗുരു –
ദേവനാം യുഗാചാര്യൻ
ഈനാടിൻ ദീപസ്തംഭ-
മായി വാഴണം നിത്യം.

മംഗളാനന്ദൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *