അമ്മയ്ക്കും
പെങ്ങൾക്കും
ഭാര്യയ്ക്കും
മക്കൾക്കും
കാമുകിയ്ക്കുമിടയ്ക്ക്
പഴുതില്ലാത്ത
സ്നേഹം കാട്ടാൻ
അവർ നിരന്തരം
കഷ്ടപ്പെടുന്നുണ്ടത്രെ.
ഭാര്യയോടൊന്നു
മിണ്ടിയാൽ
കുട്ടിക്കലം പോലെ
മുഖം വീർപ്പിക്കുന്ന
അമ്മയുടെ പായാരങ്ങൾ
അമ്പിളി മാമനെ കാട്ടി
മാമു കൊടുത്തതു മുതൽ
അപ്പിയിട്ടതു ചവതിച്ചതു വരെ
കണക്കു നിരത്തും ,
അമ്മയുടെ പായാരം
മുഴുക്കെ കേട്ട്
ഭാര്യയോടൊന്നു കെറുവിച്ചാലോ
ഞാൻ വലിഞ്ഞു കയറി
വന്നതല്ലെന്ന് തൊട്ട് ,
കൊണ്ടു വന്ന സ്വർണ്ണത്തിന്റെയും ,
പാത്രത്തിന്റെയും
കണക്കെടുപ്പുകൾ നിരത്തി
കിടക്കപ്പായയിലെ
തിരിഞ്ഞു കിടത്തം വരെയെത്തിച്ച്
അവസാനിപ്പിക്കും,
പെങ്ങളുടെ വീട്ടിൽ പോവാനോ
പെങ്ങൾക്കെന്തെങ്കിലും കൊടുക്കാനോ
ന പുരുഷനർഹതി എന്ന തത്വം നിരത്തും ,
ഭാര്യയറിയാതെ എന്തേലും
കൊണ്ടോയാലോ
നിനക്കിപ്പോൾ ഉടപ്പെറന്നോളെ
സ്നേഹം കുറഞ്ഞെന്ന് പറഞ്ഞ്
ഒക്കത്ത് എടുത്ത് നടന്നതിന്റെ
തഴമ്പും, പാടും കാണിക്കും,
മക്കളിൽ ഒരാൾക്കെന്തെങ്കിലും
അതാവശ്യത്തിനൊരൂട്ടം
വാങ്ങിയാൽ
അച്ഛന് അവനോടാണ്
സ്നേഹക്കൂടുതലെന്ന് പറഞ്ഞ്
കുഞ്ഞിക്കണ്ണുകൾ
നിറയ്ക്കാതെ തുളുമ്പും,
കാമുകിയ്ക്കെല്ലാം
പായാരങ്ങളാണ് ,
ഒന്നു മിണ്ടി തുടങ്ങിയാൽ
നിർത്താതെ ചിണുങ്ങും.
കാണാതിരിക്കുമ്പോൾ
നിങ്ങൾക്ക് ഞാനാരാ
എന്ന് ആത്മഗതം മൊഴിയും ,
തിരക്കിട്ട് കാണാൻ പോയാലോ
പാതിയോളം സമയം
കണ്ണീരിൽ മുക്കും,
എങ്കിലുമവൾക്ക് മാത്രം
അയാളെ മുഴുവനായ് മനസ്സിലാവും ,
പാവം ആണുങ്ങൾ ,
പാവം ആണുങ്ങൾ,
എന്റെയാണുങ്ങളിത്ര
പാവങ്ങളോ ?

പ്രസീദ . എം.എൻ ദേവു

By ivayana

Leave a Reply

Your email address will not be published. Required fields are marked *