രചന : ജിബിൽ പെരേര✍
“ഞാൻ മരിച്ചു പോയ ഉണ്ണിയുടെ ക്ലോസായ ഫ്രണ്ട് ആണ്.”
ഭീമൻ ഈ തമാശ പറഞ്ഞിട്ടും
യുധിഷ്ഠിരൻ ചിരിച്ചില്ല.
“നമ്മൾ യുദ്ധം ജയിക്കില്ല.”
കുഴിമന്തി വാങ്ങാൻ പോയ നകുലൻ
ബിരിയാണിയുമായ് വന്ന കാഴ്ച കണ്ട്
സഹദേവൻ ഉറക്കെ കരഞ്ഞു.
സോഷ്യൽമീഡിയ മാനേജ് ചെയ്യുന്ന അഭിമന്യു
കൗരവരുടെ നെറികെട്ട സൈബർ ആക്രമണത്തിൽ
തീർത്തും നിരാശനാണ്.
101 പേരുടെ പോസ്റ്റിനുള്ള റീച്ച്,
നമ്മൾ അഞ്ചു പേർക്ക് കിട്ടില്ലെന്ന സത്യം
ഓർമ്മിപ്പിക്കുമ്പോഴും
പാഞ്ചാലിയുടെ സങ്കടം,
തന്റെ വസ്ത്രാക്ഷേപത്തിന്റെ വീഡിയോ
കൊട്ടാരം സെർവറിൽനിന്ന്
ലീക് ആയതിലാണ്.
അമേരിക്കയും റഷ്യയും ചൈനയും
ഫ്രാൻസുമെല്ലാം ഒപ്പമുണ്ടെങ്കിലും
ഭഗവാൻ അപ്പുറത്തായതിൽ
ദുര്യോധനൻ ആശങ്കാകുലനാണ്.
വരങ്ങളെല്ലാം അർജുനന് മാത്രമാണെന്ന
കർണന്റെ ചിന്ത മനസ്സിലാക്കി
ദുശ്ശാസനൻ ആശ്വസിപ്പിച്ചു:
“ബ്രഹ്‌മാസ്ത്രം മറന്നാൽ മറക്കട്ടെ ബ്രോ…,
മിഗ്ഗും ബ്രഹ്മോസും ക്രൂയിസ് മിസെലുകളും
ഹൈഡ്രജൻ ബോംബുകളും ഉള്ളപ്പോൾ
അർജുനന്റെ ഗാണ്ഡീവമോർത്തു
ടെൻഷൻ വേണ്ട “
മുൻശാപത്താൽ
വഴി തെറ്റി ചതുപ്പിൽ
താണുപോകാതിരിക്കാൻ
രഥത്തിൽ സ്ഥാപിച്ച
ജിപിഎസ് സിസ്റ്റം
ഒന്നൂടെ ചെക്ക് ചെയ്തൂ,
കർണ്ണന്റെ തേരാളി ശല്യൻ…
കണ്ണ് ഓപ്പറേഷൻ ചെയ്തതുകൊണ്ട്
ധൃതരാഷ്ട്രർക്ക് ഇനി വീഡിയോ കോൺഫറൻസിംഗ് വഴി
യുദ്ധം കാണാം.
ആധുനികകാലത്ത് യുദ്ധത്തിൽ
ലിംഗവ്യത്യാസങ്ങൾക്ക് സ്ഥാനമില്ലെന്നും
സമത്വം ഉറപ്പുവരുത്തണമെന്നും
പത്രസമ്മേളനത്തിൽ വ്യക്തമാക്കിയ ഭീഷ്മർ,
ആരെ മുന്നിൽ നിർത്തിയാലും,
താൻ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
ചാറ്റ് ജിപിറ്റിയും
എ.ഐ ടൂളും ഉപയോഗിച്ചു
താൻ നിർമ്മിക്കുന്ന
ചക്രവ്യൂഹം
ആരെങ്കിലും ഭേദിക്കുമെന്ന
ആശങ്ക ദ്രോണർക്കുമുണ്ട്.
ദേവേന്ദ്രൻ യാചക വേഷം കെട്ടി വരുമെന്ന
ഇന്റലിജൻസ് സന്ദേശം ഉള്ളതിനാൽ
സകല ന്യൂസ്‌ചാനൽകാരും
കർണന്റെ വീടിന് മുന്നിൽ
ലൈവ് പോയിക്കൊണ്ടിരിക്കുന്നു.
യുക്തിവാദികളുടെ ഇക്കാലത്തു
പഴയ പോലെ അനുഗ്രഹങ്ങളും
ശാപങ്ങളും ഫലിക്കുമോയെന്ന
ഭഗവാന്റെ പേടി
ജയം എളുപ്പമല്ലെന്ന്
എല്ലാവരെയും ഓർമ്മിപ്പിച്ചു.
സേഫ്റ്റി മുന്നിൽകണ്ട്
ഗദായുദ്ധത്തിന്
ദുര്യോധനൻ
തുടയിൽ പാഡ് വെച്ചിറങ്ങി.
“മുടിയാണ്. കൊഴിഞ്ഞു പോയാൽ
ഇക്കാലത്തു വരാൻ പാടാണ്”
എന്നോർമ്മിപ്പിച്ചു കൊണ്ട്,
”ശത്രുവിന്റെ ചോരയാലേ
മുടി കെട്ടുകയുള്ളൂവെന്ന പോലത്തെ ശപഥമൊന്നും വേണ്ടെ”ന്ന്
ഭീമൻ ദ്രൗപദിക്ക്
ആദ്യമേ താക്കീത് നൽകി.
യുദ്ധം തുടങ്ങി.
സോഷ്യൽ മീഡിയയിൽ
അർജുനൻ ഫാൻസും കർണൻ ഫാൻസും
ഭീമൻ ഫാൻസും ദുര്യോധനൻ ഫാൻസും
വെല്ലുവിളികളും റീൽസുമായി കളം നിറഞ്ഞു.
കൗരവ-പാണ്ഡവ,
ഇൻസ്റ്റ-യൂട്യൂബ് ചാനലുകൾ,
പത്തു മില്യൺ ഫോളോവേർസും കടന്ന് പാഞ്ഞു.
ആരും തിരിഞ്ഞു നോക്കാതെ കിടന്ന
സഹദേവന്റെയും ഘടോൽക്കചന്റെയും
ഫേസ്ബുക് പേജ് പോലും മോണിറ്റയിസേഷനായി.
ഇതിനിടെ
ഗംഗയെ പ്രണയിച്ചു ചിത്തരോഗിയാക്കിയെന്ന ആരോപണത്തിൽ
‘ആ നകുലൻ താനല്ലെന്നും,
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
മോർഫ് ചെയ്ത
തന്റെ എ.ഐ ചിത്രങ്ങൾ
ആണെന്നു’മുള്ള നിലപാടിൽ
നകുലൻ ഉറച്ചു നിന്നു.
”ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നും
പണ്ട് കല്യാണസൗഗന്ധികം തേടിപ്പോയ തന്നെ
കഞ്ചാവെന്നു വിളിച്ചപ്പോൾ
ഈ സാമൂഹ്യബോധം എവിടെപ്പോയെ”ന്നും
ഭീമൻ തിരിച്ചടിച്ചു.
റീലോളികളുടെയും റിപ്പോർട്ടർമാരുടെയും
ആധിക്യം കൊണ്ട്
യുദ്ധം പലപ്പോഴും
നീർത്തിവെക്കേണ്ടി വന്നു.
ബിഗ് ബോസ്സ് പുതിയ സീസൺ
കാണാൻ
രാത്രിയിൽ പടക്കളത്തിൽ
ഒരു ബിഗ് സ്ക്രീൻ തന്നെ സെറ്റ് ആക്കിയ
ഹസ്തിനാപുരിയിലെ സാംസ്കാരിക വകുപ്പിനോട്
യുധിഷ്ഠിരനും ദുര്യോധനനും
നന്ദി പറഞ്ഞു.
യുദ്ധത്തിനു മുൻപ്
കാണിക്കാമെന്നേറ്റ
“ലോക” സിനിമയുടെ
ടിക്കറ്റ്
ഇന്നലെയും കിട്ടാത്തതിൽ കലിപ്പായി
ചട്ടിയും കലവും വീക്കിപ്പൊട്ടിക്കുന്ന
ഉത്തരയെ സമാധാനിപ്പിക്കാൻ
വാക്കുകൾ കിട്ടാതെ
അഭിമന്യു വലഞ്ഞു.
ബിഗ് ബോസിൽ നിന്നും
രേണു സുധിയുടെ
പിൻവാങ്ങൽ ഏല്പിച്ച ആഘാതം
താങ്ങാൻ കഴിയാത്ത
കുന്തീദേവിയെ
എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന
ചിന്തയിലാണ് യുധിഷ്ഠിരൻ.
യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ
വൈഫൈ ഓഫ് ചെയ്ത്
ലൈവ് ടെലികാസ്റ്റിംഗ് മുടക്കിയ അശ്വത്ഥാമാവിന്റെ ക്രൂരതയിൽ
ഒരു നിമിഷം ലോകം നിലച്ചു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നു
ദേവേന്ദ്രൻ ട്വിറ്ററിൽ കുറിച്ചു.
ഇടയ്ക്ക് സോഷ്യൽ മീഡിയ സപ്പോർട്ട്
കുറയുന്നുവെന്ന് തോന്നിയ ഘട്ടത്തിൽ
പാണ്ഡവർക്ക് വേണ്ടി പാഞ്ചാലി വീഡിയോ ലൈവ് പോയപ്പോൾ
മാലിദ്വീപിൽ കിടിലൻ ഫോട്ടോഷൂട്ട് നടത്തിയാണ്
ദുര്യോധനന്റെ ഭാര്യ ഭാനുമതി
മുഴുവൻ ഫോളോവേർസിനെയും തിരിച്ചുപിടിച്ചത്.
ഭീഷ്മർക്ക് എതിരെ
മേനകയും രംഭയും കൊടുത്ത
മാനനഷ്ടകേസ്
യുദ്ധം കഴിയുംവരെ നീട്ടിവെച്ച കോടതി,
ദ്രോണർ ഏകലവ്യനോട്
പെരുവിരൽ ദക്ഷിണ ചോദിച്ചു വാങ്ങിയ സംഭവത്തിൽ
നടുക്കവും ഖേദവും രേഖപ്പെടുത്തി.
സംഭവത്തിൽ
പ്രജാവകാശ കമ്മീഷൻ
സ്വമേധയാ കേസ് എടുത്തു.
ഇതിനിടയിൽ
പോക്സോ കേസുകളും
പീഡനകേസുകളും
അഴിമതി ആരോപണങ്ങളും
ഇരുപക്ഷവും വാരി വിതറിയപ്പോൾ
തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ പാടുപെട്ട
കൗരവപാണ്ഡവപോരാളികൾ,
നിരാഹാരം അനുഷ്ഠിക്കുന്ന ഭാര്യമാരുടെ മുൻപിലും
രാത്രിയിലെ ചാനൽ ചർച്ചയിലും കുത്തിയിരുന്ന് വിയർത്തു.
ഹോം ലോൺ അടക്കാൻ വെച്ച
പണം കൂടി
ശകുനിയുടെ വാക്ക് കേട്ട്
ദുര്യോധനന്റെ നശിച്ച
ട്രെഡിങ്ങ് കമ്പനിയിൽ നിക്ഷേപിച്ചു
വഴിയാധാരമായ കാര്യം കൂടി ഓർത്തപ്പോൾ
പാണ്ഡവർ ഒന്നാകെ
രോഷത്താൽ ചാടി എണീറ്റു.
അങ്ങനെയിരിക്കെയാണ്
ഇലക്ഷൻ പ്രഖ്യാപിച്ചത്.
യുദ്ധം നിർത്തി പിറ്റേന്ന് തന്നെ
ഇരുകൂട്ടരും
ഒരു തെളിഞ്ഞ ചിരിയുമായി
പ്രജകൾക്കിടയിലേക്ക് ചാടിയിറങ്ങി.