തളർന്നുനിൽക്കാനുള്ളതല്ലയീ ജീവിതം
തകർന്നുപോകാനുള്ളതല്ലയീ ഹൃത്തടം
തലമുറകൾക്കുദയകാലം പകരുവാൻ
തളിർത്തെഴുന്നേൽക്കനാം; സഹനാർദ്ര ഹൃത്തിനാൽ.
താമ്രപത്രം ലഭിച്ചേക്കില്ലയെങ്കിലും
തരിശാക്കിടാതെ സൂക്ഷിക്ക,നാം ചിന്തകം
താഴ്ന്ന തട്ടായ് നിൽക്കയേവമീ നന്മകം;
താളമോടനുദിനം തുടരട്ടെ ഹൃത്തടം.
തമ്മിൽത്തകർക്കാതിരിക്കയാ, സ്വസ്ഥകം
തഴുകിക്കടന്നെത്തുമഴകാർന്ന ജീവിതം
താഴേപ്പതിക്കാൻ തുടങ്ങുന്ന സലിലവും
തഴച്ചൊഴുകീടുന്നു പുഴകളായ് നിർണ്ണയം.
തീരത്തണയാൻ കൊതിക്കുന്ന തിരകളായ്
തുടരേണ്ടതില്ല നാം; തലതല്ലിടേണ്ടകം
തളരാതുണർവ്വിൻ കരളുറപ്പാൽ സ്വയം
തവരമ്യ ഹൃത്തുമായ് ലക്ഷ്യംകുറിക്കണം.
തിരികേ ലഭിക്കാത്ത കാലത്തെയോർത്തു,നാം
തീ തിന്നിടാതുറപ്പോടെ വർത്തിക്കണം
തിന്മയ്ക്കുനേരേ വിരൽചൂണ്ടി നിൽക്കണം
താരോദയത്തിൻ വരവറിയിക്കണം.
തിങ്കൾസ്മിതം പോലരികിലുണ്ടാർദ്രമാം
തങ്കക്കിനാക്കൾ തൻ; ഭാവി ചിത്രങ്ങളും
തളർച്ചവേണ്ടിനിയുമാ, ചിന്തോദയത്തിന്റെ
തൂമന്ദഹാസം നുകർന്നുണർന്നീടുക.
തുടരട്ടെയുന്മേഷ പുലരിതൻ സദ്ഗുണം
തകർക്കപ്പെടാത്ത വിശ്വാസ,പ്രതീക്ഷകം
തിരുത്തേണ്ട കാര്യങ്ങളിൽ കൃത്യ വീക്ഷണം
തളരാത്തതാം ശ്രേഷ്ഠമാം സൂര്യമാനസം.
തജ്ജന്യ ചിന്തയിന്നേകട്ടെയാരിലും
തക്ഷനെപ്പോൽ കൂർമ്മബുദ്ധിതൻ വൈഭവം
തത്ഗുണത്താൽ ലഭിക്കുന്നതാമാർജ്ജവം
തളരാത്ത പോരാട്ടവീര്യമാം തത്ഫലം.
തിരുത്തിക്കുറിക്കാൻ കഴിയേണമീവിധം;
തകർന്നുപോകാതിരിക്കട്ടെയീ ജീവിതം
തുച്ഛകാലത്തിൻ മഹനീയ വാസരം
തൽക്ഷണമേകുന്നുയിർപ്പിന്നവസരം.

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *