രചന : ജിബിൽ പെരേര ✍
ഞാൻ ട്രമ്പിന്റെ
ഉറ്റ ദോസ്ത് ആയിരിക്കും..
പുടിനുമായി വിരുന്നു കഴിഞ്ഞു
വീട്ടിൽ വരാൻ വൈകും.
ബെഞ്ചമിൻ നെതന്യാഹു വിളിക്കുമ്പോൾ
“ഇനി നാളെ കാണാം ബ്രോ “
എന്നു ആവർത്തിച്ചു
പറയുന്നത് കേൾക്കാം..
ഷറപ്പോവയോടും
ആഞ്ജലീന ജോളിയോടും
കേറ്റ് വിൻസലറ്റിനോടും
ഗുഡ് നൈറ്റ് പറഞ്ഞു
ഇടവഴിയിലൂടെ
ചൂട്ടും കത്തിച്ചു
വീട്ടിലേക്ക് നടക്കുന്നത് പതിവാണ്…
ഒടുവിൽ
മൊബൈലിൽ
നെറ്റ് ഓഫ് ചെയ്തു
ഉണ്ണാനിരിക്കുമ്പോളാണ്
വീട്ടിൽ
കറന്റ് കണക്ഷൻ പോലുമില്ലെന്നു ഓർക്കുന്നത് തന്നെ..
ഉപ്പില്ലെന്നോ
ഇച്ചിരി കഞ്ഞിവെള്ളം
‘തായോ’ യെന്നും
നീട്ടി വിളിക്കുമ്പോൾ
ഓടി വരാൻ ഒരമ്മയും
വയസ്സായി
കണ്ണുകാണാത്ത
ഒരു പാവം അമ്മൂമ്മയും
മാത്രമേ കാണാറുള്ളൂ..
ഒരിത്തിരി കള്ള് കടമായി തന്ന്
കട്ടപ്പണിയുടെ
കടും വേദന മാറ്റാൻ
ഷാപ്പിലെ മത്തായി ചേട്ടനും
തലവേദനയെടുക്കുമ്പോൾ
നെറ്റിയിൽ
ചുംബിച്ചുറക്കാൻ
പ്രിയപ്പെട്ട ടൈഗർ ബാമും
രാത്രിയിൽ
ഒറ്റയ്ക്കല്ലെന്നു മൂളിപ്പറയാൻ
എന്റെ പുന്നാര പൂച്ചക്കുട്ടിയും
മാത്രമേ കൂട്ടിനുള്ളൂ..
അതുമല്ലെങ്കിൽ
റേഞ്ച് ഇല്ലാത്ത ഒഴിവു ദിനങ്ങളിൽ
വീടിനു പിറകിൽ ചെന്നിരുന്നാൽ
മിണ്ടാതെ മിണ്ടാൻ
പാടത്തെ പോത്തുകളും
തവളപ്പത്തലുകളും ഉണ്ടാകും.
അവസാനം ഒരുനാൾ
ചത്തു വെണ്ണീറാകുമ്പോൾ
‘പ്രിയപ്പെവന് ആദരാഞ്ജലികളെ’ന്നു
ചിലപ്പോ നീയൊരു
ഫേസ്ബുക്ക് പോസ്റ്റ് ഇടുമായിരിക്കും..
എനിക്ക് അപ്പോൾ
ചിറകു മുളച്ചിട്ടുണ്ടാകും.
വിശപ്പും ദാഹവും
വേദനകളും സ്വപങ്ങളുമില്ലാത്ത
ആകാശത്തേക്ക്
ഞാൻ മെല്ലെ പറക്കാൻ തുടങ്ങിയിരിക്കും…
