രചന : സതിസുധാകരൻ പൊന്നുരുന്നി✍
ഓണക്കോടിയുടുത്തു ചന്ദ്രിക
ഓണ നിലാവുപരത്തി
ഉത്രാടരാത്രിയിൽ പൂക്കളം
തീർക്കാൻ പനിമതിക്കുണ്ടൊരു മോഹം
നീലക്കൊങ്ങിണി പൂത്തു വിരിഞ്ഞു
നീലാകാശം നീളെ
പൂക്കളിറുക്കാൻ പൂക്കൂടയുമായ്
താരക പ്പെൺകൊടിയെത്തി
മഞ്ഞലവന്ന് മുറ്റത്താകെ
പനിനീർതുകി നടന്നു.
തിരുവോണത്തിനെ വരവേല്ക്കാനായ്
ചെണ്ടുമല്ലി വിരിഞ്ഞപ്പോൾ
നാണത്താലെ മുക്കുറ്റിപ്പു
കുടയുംചൂടി വന്നെത്തി.
മാവേലിക്കൊരു മാലയിടാനായ്
നീളെ നിരന്നുതുമ്പപ്പൂ
കാടും മലയും ഒത്തൊരുമിച്ച്
പൂക്കളിറുക്കാൻ പോയപ്പോൾ
ഓണപ്പൂവിളിയോടെ വന്നു
കുളിരും കൊണ്ടൊരു പൂംങ്കാറ്റ് .
പുലരൊളി കണ്ടു മടങ്ങി പനിമതി
ഓണത്തപ്പനെ എതിരേൽക്കാൻ.
