രചന : ദീപക് രാമൻ ശൂരനാട്.✍
ഓണത്തുമ്പേ തുള്ളാൻ കൂടെ
കൂടുന്നോ …
ഓലേഞ്ഞാലി ഊഞ്ഞാലാടാൻ പോരുന്നോ…
വണ്ണാത്തിക്കിളിയേ ഓണപ്പാട്ടുകൾ
പാടാൻ വാ…
മുക്കുറ്റിപ്പൂവേ അത്തപ്പൂക്കള-
മെഴുതാൻ വാ…
പുത്തനുടുക്കണ്ടേ…
ഓണസദ്യ കഴിക്കണ്ടേ…
തുമ്പികൾ പാറും പോലെ
തുള്ളി തുമ്പികളിക്കണ്ടേ…
മലനാടും ചുറ്റിവരുന്നൊരു
തെക്കൻ പൂങ്കാറ്റേ,
മൂവാണ്ടൻ മാവിൻ കൊമ്പിൽ
ചെറുബാല്യം ഊഞ്ഞാൽ കെട്ടി,
ചില്ലാട്ടം ആടിച്ചെന്ന് മാമ്പുവൊടിക്കണ
കാഴ്ചകൾ കാണാൻ വാ…
പുത്തനുടുക്കണ്ടേ…
ഓണസദ്യ കഴിക്കണ്ടേ…
തുമ്പികൾ പാറും പോലെ
തുള്ളി തുമ്പികളിക്കണ്ടേ…
ഓണനിലാവൊളിയേ…
പൊൻപ്രഭ തൂകും പൊന്നൊളിയേ…
ഉത്രാട രാത്രി കൊഴിഞ്ഞാൽ,
തിരുവോണ പുലരിതെളിഞ്ഞാൽ,
പൊന്നാര്യൻ വിടരും മുന്നെ
ഓണമൊരുങ്ങാൻ വാ…
നീയും ഓണമൊരുങ്ങാൻ വാ…
പുത്തനുടുക്കണ്ടേ…
ഓണസദ്യ കഴിക്കണ്ടേ…
തുമ്പികൾ പാറും പോലെ
തുള്ളി തുമ്പികളിക്കണ്ടേ…
