രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍
പള്ളിയോടമതിങ്കലമർന്നു
കുഞ്ഞോള തുള്ളിച്ച
കണ്ടു മനം കുളിർന്നു
തുഴതള്ളി വെള്ളം പകുത്തു
നുരചിന്തിയതിദ്രുതം നീങ്ങും
ജലയാന ഗതിയതിങ്കൽ
സ്വയം മറന്നു നൃപതൻ
ചാരത്തു മരുവീടിന
വാര്യരോടിവ്വണ്ണമോതിനാൻ
തമ്പുരാൻ ക്ഷണത്തിൽ
തുഴതള്ളും താളമതി
കൃത്യതയാർന്നഹോ
ചേർക്കുന്നു കാവ്യചാരുത
നമ്പിടുന്നേൻ മഹാമനീഷിയാം അവിടുന്നിൻ
കവനചാതുരിയെ
ചമച്ചുതരിക
തുമ്പം തീർത്തിമ്പം
ചേർക്കുമാറൊരു പുത്തൻ
കാവ്യോൽപ്പന്നമതു വിളംബമെന്യേ …….
നമ്പുവതു നമ്പിയാരെ
അവിടുന്നിൻ കവിതപണിയും
കുതൂഹലമതൊന്നിനെ താൻ
എതിർവാക്കോരാതെ
തിരുവായ്മൊഴിയതു പോറ്റണം
പോറ്റീടായ്കിലതു വിശ്വാസഹേതുവതി –
ന്നികഴ്ച്ചയായെണ്ണിയേക്കാം
ദോഷം ഭവിച്ചിടും സർവ്വഥാ
കവന ചിന്തകളിൽ
മുത്തു കോർത്തെടുത്തു
കവി…….സത്വരം പണിതുടങ്ങിനേൻ
പെരുന്തച്ചനല്ലയോ വാര്യർ
ഗണക്രമം കൃത്യമായ് ചേർത്തേൻ
വൃത്തം നതോന്നതയെന്നു ഗണിച്ചേൻ
കഥ ശ്രീകൃഷ്ണചരിതം താനെന്നു ഭവിച്ചേൻ
വിരഞ്ഞേൻ കൃഷ്ണകുചേല ചരിതാഖ്യം കുചേലവൃത്തം
മൂന്നും രണ്ടും രണ്ടും മൂന്നും
രണ്ടും രണ്ടെന്നെഴുതി തിരിച്ചേൻ
പതിന്നാലിന്നാറു ഗണം കൊരുത്തേൻ
പാദാദിപ്പൊരുത്തം നിനച്ചേൻ
വഞ്ചിതഞ്ചുമാ താളം നിറച്ചേൻ
കോലശ്രീനാഥ മനം നിറഞ്ഞേൻ
പുകൾകൊണ്ടു പെരുമകോലും
മലയാള കവിതാശാഖ
വഞ്ചിപ്പാട്ടിവ്വണ്ണമുദിച്ചേൻ
മലയാളത്തയ്യലതു മകുടത്തിലേറ്റേൻ
ശേഷം ……ശുഭപര്യവസാനം
ശുഭം
