രചന : ശബ്‌ന നിച്ചു ✍
നീചനായ ചിരഞ്ജീവി
മുദ്രയാൽ നിങ്ങൾ അദ്ദേഹത്തെ
നോക്കി കാണുന്നുണ്ടോ
അധർമ്മിയെന്ന് വിളിക്കുന്നുണ്ടോ..
എനിക്കയാൾ നീതിമാനായ
സുഹൃത്താണ്..
അവഗണനയുടെ പ്രതിരൂപമാണ്..
തഴയപ്പെടലുകളുടെ
നേർചിത്രമാണ്…
ദ്രോണ പുത്രനെന്ന്
പേരിൽ ഒതുങ്ങിപ്പോയവനാണ്
പിതൃസ്നേഹമത്രയും
അർജുനനിൽ ചൊരിയുന്നത്
കണ്ട് മുറിപ്പെട്ടുപോയവനാണ്..
അല്ലെങ്കിലും ചേർത്തു പിടിക്കലുകളാണ്
നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത് ..
ദുഷ്ട്ടനെന്ന് മുദ്രചെയ്യപ്പെട്ട
സുയോധനനിൽ മാത്രമേ
ചേർത്തുപിടിക്കലും
പകുത്തുനൽകലും ഞാൻ കണ്ടിട്ടുള്ളു…
അതെങ്ങനെയാണ്
കുരുക്ഷേത്രം ധർമ്മ യുദ്ധമാകുന്നത് …
പാണ്ഡവർ ചെയ്ത യുദ്ധമുറകളിൽ
ലക്ഷ്യം പ്രധാന്യം കണ്ടവരെങ്ങനെ
കൗരവപക്ഷത്തേ പ്രതികൂട്ടിലാക്കുന്നത് …
പുത്രനെ വധിച്ച കർണനെ
ചതിച്ചു വധിക്കാൻ അർജുനൻ
പറ്റുമെങ്കിൽ,
പിതാവിനെ കൊന്ന പക്ഷത്തെ കൊല്ലാൻ
അയാൾക്കും അവകാശമുണ്ട്.
യുദ്ധത്തിൽ നീതി തേടുന്നവരെ…
തീർച്ചയായും ന്യായം കൗരവപക്ഷത്തു
തന്നെയാണ്.
പിതാവിനേക്കാൾ കൂട്ടുക്കാരന്റെ
മരണം അശ്വത്ഥാമാവിനെ
തകർത്തു കളഞ്ഞിട്ടുണ്ടെങ്കിൽ
അയാൾക്ക് വേണ്ടി പ്രതികാരത്തിന്
തിട്ടം കൂട്ടിയെങ്കിൽ തീർച്ചയായും
കർണ്ണനേക്കാൾ മികച്ച സുഹൃത്ത്
നിങ്ങൾ തന്നെയാണ്
മഹാരഥി ദ്രോണി..
അസ്ത്രങ്ങൾ തെറ്റായി ഉപയോഗിച്ചതിൽ
ശിക്ഷിക്കപ്പെടുന്നുവെങ്കിൽ
പാണ്ഡവ പക്ഷത്തോളം പ്രതിക്കൂട്ടിൽ
നിൽക്കുന്നവർ ആരുണ്ട്..
പ്രപഞ്ച നാശത്തിനു പകരം
ഭ്രൂണത്തിലേക്ക് അസ്ത്രം തിരിച്ചുവിട്ട്
ശാപം നേടിയതും
യുദ്ധത്തിന്റെ നീതി തന്നെയാണ്..
കൗരവരെ വധിക്കാൻ ഭീമന്
പ്രതിജ്ഞയെടുത്ത്,
നിറവേറ്റാൻ ഏതു മാർഗവും സ്വീകരിക്കാമെങ്കിൽ,
പ്രിയപ്പെട്ട സുയോധനൻ
കൊടുത്ത വാക്ക് പാലിക്കാൻ
പാണ്ഡവ വംശത്തെ അറുത്തുമാറ്റാൻ
മുതിർന്നത്
കൊടിയ പാപമായി വേർതിരിക്കേണ്ടതില്ല ..
എല്ലാം ..
ധർമ്മപക്ഷം എന്ന് വിളിക്കുന്നവർ
തുടങ്ങി വച്ചതിന്റെ പരിണാമം
തന്നെയാണ്..
തീർച്ചയായും മൃത്യു പ്രാപിച്ച
കൗരവർക്കില്ലാത്ത മഹത്വമൊന്നുമേ
പാണ്ഡവ പക്ഷത്തില്ല..
യഥാർത്ഥ കിരീടവകാശി
സുയോധനനാണന്ന്
സമ്മതിക്കാൻ മടിക്കുന്നവരെ
നിങ്ങൾ കൗരവരിലെ നന്മ കാണാൻ
മുതിരില്ലെന്നുറപ്പുണ്ട്..
സുയോധനാ ..
നിങ്ങളാണ് സമ്പന്നൻ അതിരുകൾ
ദേദിക്കുന്ന സൗഹൃദം സൃഷ്ടിച്ച്
അവരുടെ ഹൃദയേശ്വരനായവൻ…
അശ്വത്ഥാമാവ്…
അതെ നിങ്ങളൊരു നല്ല സുഹൃത്താണ്..
സൗഹൃദത്തിനു വേണ്ടി
സ്വയം നരകയാതനയേൽക്കുന്ന
ചിരഞ്ജീവിയാണ്..
നിങ്ങൾ സ്മരിക്കപ്പെടേണ്ട
ലോകം കണ്ട മികച്ച കൂട്ടുകാരനാണ്.
