കദളിപ്പഴം നറുവെണ്ണയുമായിന്നും
കണ്ണനു നൈവേദ്യമേകിടാനായ്
തിരുമുന്നിലായി ഞാനെത്തിടുന്നേരം
കണ്ണനങ്ങെന്തു തിളക്കമെന്നോ!

ഒട്ടും പരിഭവം ചൊല്ലിടാതെ, തിരു-
നാമങ്ങളേറ്റം ജപിച്ചു കൊണ്ടേ
കണ്ണനെ നോക്കി ഞാൻ കൺനിറച്ചു,
നിർവൃതിയോടെ തൊഴുതു നിന്നു.

കണ്ഠത്തിലോ നൽത്തുളസിമാല, നല്ല
വാർമുടിക്കെട്ടിൽ മയില്പീലിയും
കൈയിലൊരോടക്കുഴലുമായെന്നുള്ളി-
ലാമുഗ്ദ്ധരൂപം നിറഞ്ഞുനിന്നു.

പീതാംബരം ചുറ്റി, കണ്ണെഴുതി, തിരു-
നെറ്റിയിൽ കളഭക്കുറിയണിഞ്ഞും
കണ്ണനെന്നെ നോക്കി പുഞ്ചിരിയ്ക്കേ
ഞാനൊന്നുമറിയാത്തപോലെ നിന്നു.

സർവ്വവും നിൻവിരൽ തുമ്പിലല്ലേ, കണ്ണാ
നിൻ പാദദർശനമെന്റെ പുണ്യം!
ഉള്ളം നിറയ്ക്കുമക്കാഴ്ച്ചയിലെന്മനം
പാൽക്കടലായി തുടിച്ചുനില്പൂ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *