രചന : അരുമാനൂർ മനോജ് ✍
എൻ്റെ കിനാക്കളിൽ
നിറയുന്ന മോഹങ്ങൾ
നിനക്കായുള്ളതായിരുന്നു !
എൻ്റെ കൈവശം ഉള്ളതെല്ലാം
നിന്നെക്കുറിച്ചുള്ള
ഓർമ്മകൾ മാത്രമായിരുന്നു!
ഒന്നിച്ചിരിക്കുവാൻ
ആശിച്ച നേരത്തൊക്കെയും നീ…
ഒത്തിരി അകലങ്ങളിലായിരുന്നു !
ഒത്തിരി ഒത്തിരി ആശകളങ്ങിനെ
ഒത്തിരി ദൂരത്തായിരുന്നു…
ഒന്നുമെന്നരികിൽ ഇല്ലായിരുന്നു !
പതിയെപ്പതിയെ
മോഹങ്ങൾ കോർത്തു ഞാൻ
തീർത്തൊരു മാലയിൽ നിന്നും
മുത്തുകളായിരം ഊർന്നുരുളുന്നു…
കാതങ്ങളകലേക്കായവ മറഞ്ഞീടുന്നു,
മോഹങ്ങളെന്നിൽ നിന്നകന്നീടുന്നു.
നീയൊരു മരുപ്പച്ചയായെനിക്ക്
മോഹങ്ങൾ മാത്രം തന്നു പോയീ…
നീയെൻ മുന്നിലകലേയ്ക്ക് പായുന്ന
മേഘമായ് മാത്രം തിളങ്ങി നിന്നൂ…
എങ്കിലും ഞാനെൻ പ്രതീക്ഷകൾക്കായി
നിന്നേയും നോക്കി കാത്തിരുന്നു !.
എന്നധരങ്ങൾ നിന്നിലേക്കടുപ്പിക്കുവാൻ
ഒരു വേള നീയെത്തുമെന്ന്
മോഹിച്ചു ഞാൻ വീണ്ടും കാത്തിരുന്നു.
കാലങ്ങൾ പോകവേ കാതുകളടഞ്ഞും
കണ്ണുകൾ അയഞ്ഞും കാര്യങ്ങളെല്ലാം
കൈവിട്ട കാലവും വന്നു പോയല്ലോ!
എൻ്റെ കിനാക്കളിൽ ഇന്നും
നിറയുന്ന മോഹങ്ങൾ
നിനക്കായുള്ളത് തന്നെയെന്ന സത്യം
നീയറിയാതെ പോകില്ലെന്ന്
ഇന്നും ഞാനാശിച്ചു പോയീടവേ.
ഇനിയും നിരാശയിലാഴ്ത്തരുതേ…,
എൻ്റെ കിനാക്കളിൽ
നിറയുന്ന മോഹങ്ങൾ
നിനക്കായ് മാത്രമുള്ളതായിരുന്നു !
