രചന : പൂജ. ഹരി കാട്ടകാമ്പാൽ ✍
അവൾ കണ്ണാടിയിൽ നോക്കി..
കരി നിഴൽ വീണ കണ്ണുകൾ,
ശോകം തൂവിയ കവിളുകൾ
പാറിപറന്ന മുടിയിഴകളിൽ
വെള്ളിയിഴകളുടെ കൈയൊപ്പ്..
എന്നോ അണഞ്ഞ വിളക്ക്,
തേച്ചു മിനുക്കിയാൽ തിളങ്ങും..
ഒരു ചിരിയുടെ തിരിയിട്ടാൽ
അവളൊരു മിന്നാമിനുങ്ങല്ലേ..
നേരമില്ലല്ലോ അണിഞൊരുങ്ങാൻ
മോഹമേറെയുണ്ടെന്നാലും..
ജെമിനിയുടെ കാതിലൊന്നു പറഞ്ഞാലോ
മനസ്സു കൊതിച്ച സുന്ദരിയാവാം..
ചുവന്നൊരു പുടവ വേണം,
അതിനൊത്ത വളകളും
മൂക്കുത്തിയൊന്നു വേണം
കണ്ണിലേറെ പ്രണയവും…
നീല സാരി വേണമെനിക്ക്
കൈയിലൊരു പുസ്തകവും..
പൂക്കൾ നിറഞ്ഞൊരു കാട്ടിൽ
ഒറ്റക്കൊന്ന് ഇരിക്കണം..
മനസ്സു തുറന്നൊരു ചിരിയോടെ
നവവധുവായി കാണണമെന്നെ
രവി വർമ്മൻ ചിത്രം പോലെ
അഴകേറെ നിറയണം…
സായന്തന വേളയിൽ
നിറങ്ങൾ നിറഞ്ഞ പ്രകൃതിയിൽ
പഴുത്തിലകൾ വീഴുന്നതു നോക്കി
ചിരിയോടെ നിൽക്കണം…
ചേർത്തുപിടിക്കാത്തൊരാളെ
കൂടെ നിർത്തിയൊരു കുടയിൽ
നനയാതെ നിൽക്കുന്നൊരു
ചിത്രം വേണമെനിക്ക്….
പരസ്പരം കോർക്കാത്ത കണ്ണുകളിൽ
പ്രണയം കോരി നിറച്ച്
താജ് മഹലിന്റെ മുന്നിൽ നിൽക്കുന്ന
ചിത്രം വേണമെനിക്ക്…
പറഞ്ഞു തീരാത്ത മോഹ ചിത്രങ്ങൾ
ജെമിനിയേറെ വലഞ്ഞു പോയ്..
മായയെന്നറിയാം എങ്കിലും
എന്റെ ജെമിനി
നീ അറിയുന്നുവോ..
ഞങ്ങൾ പെണ്ണുങ്ങൾക്ക്
ഏറെയിഷ്ടമാണ്
നിറങ്ങൾ വാരിയണിയാനും
സ്വപ്നങ്ങളിലെ
രാജകുമാരിയാവാനും….
അതുകൊണ്ട് പറയട്ടെ
നിന്നോട്….
കേൾക്കാനും ഞങ്ങളെയറിയാനും ഒരാളുണ്ടെങ്കിൽ
ഞങ്ങളെത്ര സുന്ദരിമാരാണെന്ന്..
ഞങ്ങളിൽ ആയിരം നിറങ്ങളുണ്ടെന്ന്..

