ദക്ഷിണവച്ചു കാൽ തൊട്ടുവന്ദിച്ചുദയ-
ദായികയാം ഗുരുനാഥതന്നനുഗ്രഹം
ദയാഹൃദയപൂർവ്വം ലഭിച്ചതാ,മാ ദിനം
ദമനമന സാമ്യമായോർക്കയാണനുദിനം

ദമയന്തിയെപ്പോൽ രമണീയമായതാം
ദയാദേവിയായ് വന്നയാദ്യ ഗുരുനാഥയാൽ
ദന്തവർണ്ണത്തിലെഴുതിപ്പഠിപ്പിച്ച
ദാനാക്ഷരങ്ങളാണിന്നിന്റെ കാവ്യവും.

ദക്ഷിണ കേരളമാകയാൽ നന്മാർദ്ര;
ദാരിദ്ര്യരഹിത പ്രദേശ വിദ്യാലയം
ദർപ്പണംപോൽനൽകിയതി ധന്യ പുലരിതൻ
ദർശനം ഭാവിതൻ കവിതാർദ്ര ഹൃത്തടം.

ദീനരായുള്ളതാം മാതാപിതാക്കൾക്ക്
ദിനകർമ്മ കാര്യങ്ങൾ ശ്രദ്ധയോടേകുവാൻ
ദയാപരനായവനേകിയോരാർദ്രകം;
ദാനമാണാ, ഗുണശാലിതൻ പിൻബലം.

ദയാർദ്രമായ് ജീവിച്ചുദയം പകരുവാൻ
ദരിദ്രരായുള്ളവർക്കഭയമേകീടുവാൻ
ദശരഥപുത്രനെപ്പോലർത്ഥമേകുവാൻ
ദിനകര ഹൃത്തേകിയാദ്യ വിദ്യാലയം.

ദുരാഗ്രത്താലല്ല, കരളിന്റെ നന്മയാൽ
ദാനമേകീടാൻ പഠിപ്പിച്ച, സ്നേഹമേ,
ദാനകം പോലുമേകാതെ പിരിഞ്ഞതിൽ
ദുഃഖാർദ്ര ഹൃദയം വിതുമ്പുന്നുദയമേ.

ദാർശനിക ഭാവം പകർന്നതാം കാവ്യമേ,
ദൈവാർദ്ര സാന്നിദ്ധ്യ ഭംഗിതൻ രൂപമേ,
ദിനദീപനാളം കണക്കെയെന്നുള്ളിലായ്
ദയാപരസാമ്യം തിളങ്ങുന്നു പ്രിയമുഖം.

ദിനവേഗമോടേ കടന്നുപോയ് കാലവും
ദിവ്യോദയം തന്നു കർമ്മകാലങ്ങളും
ദീപ്തിയോടേവമെന്നുള്ളിൽ മുഖാംബുജം
ദർശിക്കയാണു ഞാനൂർജ്ജ പ്രകാശമായ്.

അൻവർ ഷാ

By ivayana