രചന : മേരിക്കുഞ്ഞ്. ✍.
അരുന്ധതി ചെറുതായ
പോലൊരു പെൺകുട്ടി !
കൂടെയുണ്ടവൾക്കച്ഛ –
നായൊരു സുമുഖനും.
അപരിചിതത്തത്തിൻ
നീർക്കുമിളകൾ പൊട്ടി –
ച്ചിതറുന്നു ” ഞാൻ ഷംസു
ഇത്‌മൂത്തവൾ ഗായത്രി. “
കലച്ചെട്ടി കുഞ്ഞാമൻ
ചൂള വച്ച മൺപാത്ര –
ച്ചുമടേറ്റിവിറ്റുപോറ്റി
അരുമയയായ് മക്കളെ ;
സമ്പാദ്യം സ്വരുക്കൂട്ടി ,
കുഞ്ഞൂരിൽ കൈത്തോടിൻ
ചാരത്ത്സ്ഥലം വാങ്ങി
പുര വച്ചു, ഓടിട്ടു.
കൂർക്ക ചേന കാവത്ത്
വാഴമത്തൻപച്ചപ്പയർ
ചേമ്പ്പ്ലാവ്മാവ് തെങ്ങ്
അതിരിൽ പൂ ചെമ്പരത്തി
ചന്തം തികഞ്ഞതൊടി.
ചന്തം തികഞ്ഞ മക്കൾ
അരുന്ധതി , ശിവരാജൻ
ശിവകാമി ,സുബ്രമണി.
പഠിപ്പിലും സ്പോർട്സിലും
മിടുമിടുക്കർ…..
അരുന്ധതി-
ക്കൊപ്പമെത്താൻ
കുഞ്ഞുമേരി
പാടുപെട്ടു ക്ലാസ്സു തോറും…..
ഇരുളോർമ്മയിൽ
പാരിജാത –
പ്പൂ വിരിഞ്ഞു
വാസനിച്ചു……
അരുന്ധതിക്കു ചെട്ടി
ചെക്കൻസ്വജനത്തിൽ
നിന്നു തന്നെ
വേണമെന്ന് കുഞ്ഞാമൻ.
പത്താം ക്ലാസ്സിൽ ഫസ്റ്റ്ക്ലാസ്സായ്
ജയിച്ചനാൾ
ഉടുപ്പിയിൽ
നിന്നു തന്നെ
ചെക്കനെത്തി താലി കെട്ടി.
ചെക്കന്ന് മദ്രാസിൽ
ചായക്കട, പപ്പടത്തിൻ
ബിസിനസ്സും.
ചിരിച്ചവൾ കൈ വീശി
ഓർമ്മയിൽ മറഞ്ഞുപോയി.
“അച്ഛമ്മതന്നതാ “
ണെന്ന് ചൊല്ലിഗായത്രി കത്തു നീട്ടി…..ഒപ്പമവളുടെ
പത്താം ക്ലാസ് സർട്ടിഫിക്കറ്റ്
നക്ഷത്രം തിളങ്ങുന്ന മാർക്ക്
” സെന്റ് മേരീസിൽ പ്രി ഡിഗ്രി
ഫസ്റ്റ് ഗ്രൂപ്പിൽ അഡ്മിഷൻ വേണം. “
ദൃഢനിശ്ചയം…..
തളർച്ചയേൽക്കാത്ത കണ്ണിൽ
ജീവിതാശാ ജ്വാലയുണ്ട്
കൗതുകം സ്ഫുരിക്കുന്ന
നോട്ടത്തിൽ തെളിമയുണ്ട്.
അരുന്ധതി ചെറുതായ
പോലെത്തന്നെ…..
തുടുത്തു വെളുത്തു ചോന്ന
സുന്ദരി മണിക്കുട്ടി.
ചിരിച്ചുനില്ക്കുന്നു……
“എവിടെയാണച്ഛമ്മ ?”
“ഉടുപ്പിയിൽ മൂത്ത മോൻ
വിനായകന്നൊപ്പം.
ചായക്കട നടത്തുന്നു”
“ഷംസു വോ?”
“ഇവിടെ മണ്ണുത്തി
കാർഷിക കോളേജിൽ
പ്യൂൺ പണി”
ഇരുതുള്ളി കണ്ണീർ
കേട്ടുമറന്നകഥ
ഓർമ്മയിൽ നിന്നടർന്നു
മദിരാശിപ്പട്ടണത്തിൽ
തകർന്ന കച്ചോടത്തിൻ
പട്ടിണി കശക്കിയ
അന്നം കാണാനാളുകൾ…..
തിരയേണ്ടതില്ലെന്ന
കുറിപ്പിട്ട് വീട്ടു വിട്ട
ജീവന്റെ നല്ല പാതി.
ഇനി…… ?
പരീതു കുട്ടി ഹാജി
തമിഴ് നാട്ടിലെഹോട്ടൽ
ശൃംഗലാധിപൻ നാലാം
ബീവിയാക്കി വൻ
സ്വത്തിൻ ഉടമയാക്കി
ചിന്നവീട്ടിൽ പാർപ്പിച്ചു.
സന്തോഷിച്ചില്ലെന്നിട്ടും
വിധിയോർത്താശ്വസിച്ചു.
ഷംസുദീന് പ്രിയനാണ്
ബാപ്പ .
ഹൃദയം നിലച്ച്
മയ്യത്തായ
നാൾതന്നെ ഖബറടക്കി
മൂത്ത മക്കൾ ഗുണ്ടകൾ
കലിച്ചെത്തി
അടിച്ചിറക്കി
രായ്ക്ക് രാമാനം
കാഫ്റിച്ചിയെ
തീവണ്ടി കേറ്റി വിട്ടു.
ഉടുപ്പിയിൽ മക്കൾക്കൊപ്പം
പഴയ കണവന്റെ
ഇച്ചിരി പോന്ന വീട്ടിൽ
പേടിച്ചു
തിരിച്ചെത്തി ….
പാവം…..അരുന്ധതി.
വിറയലൊട്ടൊന്നാറിയപ്പോൾ
ചായക്കച്ചോടമിട്ടു
തളരാതെമക്കളെ
വളർത്തിവലുതാക്കി.
വർഷമെത്ര പെയ്തു
തോർന്നു
ആതിരകൾപാടിയാടി
പൗർണ്ണമി ഉദിച്ചു മാഞ്ഞു
ഇന്നവിചാരിതം
വാതില്ക്കൽ
പൂന്തിങ്കളയായ്
അരുന്ധതി ചിരിക്കുന്നു
യാത്ര പറയാൻ
വന്നതാണ്
കംപ്യൂട്ട റെഞ്ചിനീയറായ്
കൊച്ചുമോൾ
ഗായത്രി
യുഎസ്സിലേക്കു
പറക്കയായ്
ചെന്നൈയിൽ നിന്ന്.
അരുന്ധതി ചിരിക്കുന്നു.
ചെങ്ങാലി ക്കോടൻ
നേന്ത്രക്കുല
ഉത്രാടക്കാഴ്ച്ചയായ്
ഷംസു
എടുത്തകത്തു വയ്ക്കുന്നു
നാലു കയ്യും കണ്ണും
ആശ്ലേഷത്താൽ ഒന്നിക്കുന്നു
കുഞ്ഞുമേരി ചിരിക്കുന്നു
അരുന്ധതി ചിരിക്കുന്നു;
കാലവും ചിരിക്കുന്നു.
