രചന : സിന്ധു പി ആനന്ദ് ✍️
ഒരു വാക്ക് മിണ്ടി
പ്പറയുവാനായി
ഒരു നോക്ക് കണ്ടു ചിരിക്കുവാനായി
വഴിനട്ടു മിഴിവിങ്ങി
മൊഴിമുട്ടി
പടിവാതിൽ ചാരി
പതം പറഞ്ഞങ്ങനെ
ആരെയോ കാത്തു
നിന്നതാവാം
ഓർമ്മകൾ പെയ്യുന്ന
കിനാക്കളുമായി
മൺചിരാതിൻ്റെ
നുറുങ്ങുവെട്ടത്തിൽ
വഴിയാത്രക്കാരുടെ
മുഖം തിരയുന്നു.
കുട്ടികൾ കളിയാക്കി
ചിരിച്ചകന്നുപോയി
യൗവനക്കാരും
കാര്യം തിരഞ്ഞില്ല
പരിചിതരെല്ലാം
കാണാത്ത ഭാവത്തിൽ
വേഗംചുവടുകൾ
വെച്ചു മറയുന്നു.
അന്തിക്കു കൂട്ടായിട്ടാരു –
മില്ലെങ്കിലും
ചിന്തക്കു കുറവില്ലൊട്ടു മെന്നാലും
വലനെയ്യും ചിലന്തി പോൽ
ഗതകാലസ്മരണകൾ
പെയ്യുന്ന
ഹൃദ്യമാംചാരുത
തേടുന്നതാവാം.