രചന : വാസുകി ഷാജി✍️
ജീവിച്ചിരിക്കുമ്പോൾ
ആരും തിരക്കിയില്ല.
മരിച്ചവൾ
മണ്ണ് ചേരും മുമ്പേ
തിരക്കുകൾ മാറ്റി തിരക്കി
ചെന്നവരെ കണ്ട്
മരിച്ചവൾ
വീണ്ടും ജനിച്ചു.
കാരണം അന്വേഷിക്കുന്നവർക്കിടയിൽ
ആരുമറിയാതെ
പതുങ്ങി നിന്നു
അവൾ
ജീവിച്ചിരിക്കേണ്ടവളേയല്ല,
പണ്ടേ ചത്തു തുലഞ്ഞെങ്കിൽ…
എന്ന് ചിരിയടക്കി പറഞ്ഞ
നാരായണിയേട്ടത്തിക്കു,
മിച്ചം പിടിച്ച പൈസ കൂട്ടിവച്ചു,
ചിട്ടി പിടിച്ച വകയിൽ
പങ്കുവച്ച സ്നേഹപങ്കിനു,
മരിച്ചവളുടെ ദേഹത്തെ ചൂടിന്റെ
ആയുസ്സേ ഉണ്ടായിരുന്നുള്ളു…
എന്ന് അവൾ ഞെട്ടലോടെ ഓർത്തു.
താടി കൂട്ടി കെട്ടിയ വായ
തുറക്കാൻ ആവില്ലെന്ന് ഓർത്ത്
പിന്നെ മൗനം പാലിച്ചു.
കാരണം തിരക്കുന്നവർ
ഫോണിന്റെ പാസ്‌വേഡ് തപ്പാനും,
കിടപ്പുമുറിയിലെ ഡയറി തിരയാനും
തിടുക്കം കൂട്ടി.
അവർക്കറിയില്ലല്ലോ—
പൂട്ടും താക്കോലും ഇല്ലാത്ത
ഫോണിലല്ല,
ആരും അന്വേഷിച്ചു ചെല്ലാത്ത
അവളുടെ മനസ്സു മാത്രം
അറിഞ്ഞ ചില കാരണങ്ങൾ.
ചില നൊമ്പരങ്ങൾ
ഇടക്കൊരാൾ, മരണത്തിന്റെ അറ്റത്ത്
അവിഹിതം കൂട്ടി കെട്ടാൻ
പാടുപെടുന്നുണ്ട്.
ഇന്നലെ കുനിഞ്ഞു നിന്ന്
മുറ്റമടിച്ചപ്പോൾ,
മുഖത്തു നോക്കാതെ
വിശേഷം തിരക്കിയവനാണ്.
എണീച്ചു ചെന്ന് ഒന്ന് കൊടുത്താലോ,
“അഹങ്കാരി” എന്ന് വിളിച്ചവൾ അന്ന്—
തള്ളവിരലിന്റെ ബലമില്ലാത്ത കെട്ടിൽ
അടങ്ങി കിടന്നു.
തെക്കുഭാഗത്തു
ചിത ഒരുക്കുന്നിടത്തു മാത്രം
ഒരാൾ കൂനികൂടി ഇരിപ്പുണ്ട്—
മിണ്ടാതെ, കണ്ണു നിറയാതെ.
അയാൾക്കുവേണ്ടി മാത്രം
വീണ്ടും ജനിച്ചാലോ?
അല്ലെങ്കിൽ വേണ്ട.
ഇനിയെങ്കിലും
പരാതി പരിഹരിക്കാൻ
കേറി ഇറങ്ങാതെ
ആ പാവം ആയുസ്സ് എത്തിക്കട്ടെ.
അങ്ങനെ ഓർത്തു ഓർത്തു…
അവൾ വീണ്ടും ഒന്നു കൂടി മരിച്ചു.