രചന : അൻവർ ഷാ ഉമയനല്ലൂർ✍️
വ്യഥിതമനമസ്തമിച്ചെൻ ഗ്രാമ്യ പാർവ്വണം
സുദിനോദയത്തിൻ വരവറിയിക്കുന്നു
വർണ്ണച്ചിറകുമായിന്നടുത്തെത്തുന്ന
ചിന്തകൾ പുലർ രമ്യ സ്വപ്നമേകീടുന്നു
സൗമ്യ,നന്മാർദ്രമായൊഴുകുന്ന യരുവിപോൽ
നൽക നവകാലമേ,യോരോ വിചാരവും
സുഖ ശീതളമായുണർത്തു നീ മനസ്സുകൾ
തെളിഞ്ഞുണർന്നീടട്ടെ, സഹനാർദ്ര മുകിലുകൾ.
പ്രകാശിതമാക്കു,നീ-യുലകിൻ ചെരാതുകൾ
സുരകാവ്യ മൊഴികളായുണരട്ടെ കവിതകൾ
ഹൃദയ ശ്രീകോവിൽ തുറന്നതാ, പുലരികൾ;
ഗീതമായുയരുന്നിതാ, തിരുസ്മരണകൾ.
കാൽതൊട്ടു വന്ദിച്ചിരുന്നതാം മഹനീയ
പ്രിയധന്യ സുകൃതമാ,മെൻ മാതൃദീപമേ,
പിതാവെന്നലിവിൻ നിലാവായി നിറയുന്ന-
തുളസിക്കതിർ തളിർത്തുയരുന്ന കാലമേ,
കൺനിറച്ചെത്രയോ രാവുകൾ നിങ്ങൾക്കു
കരളുകൾക്കുള്ളിലിരുൾത്തന്ന ജീവിതം
മറഞ്ഞുപോയിന്നായഴലിൻ കരിനിഴൽ
ഹർഷാശ്രു ചൊരിയുവാ,നില്ലാർദ്ര കരളുകൾ
വെൺപിറാവായടുത്തെത്തുന്നു സ്മരണകൾ
കാലമേ, പ്രാർത്ഥനാ മന്ത്രമീ, കവിതകൾ
കുളിർനിലാവെന്നപോൽ നിന്ന യാ, നന്മകൾ
നയന നീർത്തുള്ളിയായ് ചിതറിടുന്നുള്ളിലും.
തിരുത്തിയെഴുതീടുവാനാകാത്ത കാലമേ,
തിരിച്ചെത്തുകില്ലെന്നറിയുന്നുവെങ്കിലും
തിരിതെളിക്കുന്നുദയ കരളിലായ് സാന്ധ്യകം
കാവ്യാഞ്ജലിയാൽ നമസ്ക്കരിക്കുന്നകം
സ്ഥിരമല്ലയൊന്നുമെന്നറിയുന്നുവെങ്കിലും
കരുണാർദ്രതേ, യുണരുന്നതേ ചിന്തകം;
വർണ്ണാഭമാകട്ടെ നിന്റെ സ്വപ്നങ്ങളും
കർണ്ണികാരപ്പൂക്കളുണരുമാ, പുലരിയും.
