വാക്കുകൾക്കൊണ്ടുവർണ്ണചിത്രം
വരയ്ക്കാൻ തളികയിൽ
പ്രഭചൊരിയും അക്ഷരങ്ങളുമായ്
തിക്കിത്തിരക്കി വരിനിൽക്കുന്നവർ
തിളങ്ങിവിളങ്ങി തെളിഞ്ഞ നാട്ടിൽ,
വരണ്ടനിലത്തിന്റെയന്ത്യംകാണാൻ
വിൺവാക്കുകൾ പൂത്തിരിപോൽ
പറയുന്നവരുടെ നാട്ടിൽ,
പുരോഗമില്ലാ പുരോഗമന-
മതികൾ വമ്പുപറയും നാട്ടിൽ,
വെളിച്ചപ്പാടുതുള്ളികാണാ-
ക്കതിരുകൾ കൊത്തിയെടുക്കാൻ
വ്രതം നോല്ക്കുന്നവർ കച്ചമുറുക്കും
നാട്ടിൽ,കൊണ്ടുംകൊടുത്തുമുച്ചത്തിൽ
പതം പറയുന്നവരുടെ നാട്ടിൽ,
കാണുന്നതെല്ലാം കടും –
നിറത്തിൻ വടുക്കൾ മാത്രം.
ചിന്തകളെല്ലാം കൈയൂറ്റത്തിൻ
മഞ്ഞനിറത്തിൽ വേപഥുക്കളായ്
ശിലയിൽ വീണുതപിച്ചുവറ്റവേ,
ജലമർമ്മരങ്ങൾകേൾക്കാം
ക്ഷിതിയുടെഅഗാദ്ധതയിൽ
ചിരിയുടെവറ്റാത്തമർമ്മരംപോൽ.
വിൺഗംഗാതടത്തിൽ ചുറ്റിത്തിരി-
യുമൊരുവെൺശംഖ് പോൽ
കാണാം നൂറുനൂറായിരംകണികകൾ
വെൺകൊറ്റക്കുടച്ചൂടി ചിന്തയിൽ
വെൺതാമരപോൽ നട്ടംതിരിയുന്നത്.
തിരയുംതീരവും ജലകണികകളാൽ
തിരിഞ്ഞുനിറഞ്ഞുപതഞ്ഞുയരവേ,
ജലമർമ്മരത്തിൻശീലുകൾ തേടി
ഗിരിശൃംഗത്തിൽ ഹരിതംനിറഞ്ഞ
കാനനങ്ങൾ ശ്രദ്ധാലുക്കളാകുന്ന-
തറിയുന്നു വാനവുംമാനവുംപ്രഭയും.

By ivayana