ചായുന്ന സൂര്യന്റെ നിഴലായി അന്നൊക്കെ
ചാരത്തെ അമ്പല നടയിലെത്തി
ചന്ദനചർച്ചിതൻ കണ്ണന്റെ മുന്പിലെൻ
ചാരത്തു കൈകൂപ്പി നിന്ന കാലം
ചിരിയോടെ കയ്യിലെ ചന്ദനം ചാലിച്ച്
ചാരുതയോലുന്ന കുറി വരച്ച്
ചെമ്മേ ചിലമ്പവേ കവിളത്ത് തെളിയുമാ
ചേലും നുണക്കുഴി കണ്ട കാലം
ചുറ്റമ്പലം വലം വച്ചു തിരിയവേ
ചിമ്മും മിഴികൾ ഉടക്കീടവേ
ചിത്രം വരയ്ക്കുവാനെന്നവണ്ണം നിന്റെ
ചരണങ്ങൾ ഊഴി തിരഞ്ഞ കാലം
ചക്രമാം കാലം കറങ്ങി തിരിഞ്ഞങ്ങ്
ചക്രവാളങ്ങൾ നരച്ചകാലം
ചന്ദനച്ചേലുള്ള ചന്ദ്രൻ മറഞ്ഞപോൽ
ചന്തമെഴുന്നവൾ പോയ കാലം
ചിറകു വിരിച്ചങ്ങനന്തവിഹായസ്സിൽ
ചേലോടെ പാറിപ്പറന്നെങ്കിലും
ചിറകറ്റു വീണ കപോതം കണക്കു ഞാൻ
ചിത കാത്തിരിയ്ക്കുന്ന കഷ്ടകാലം.

ചിത്രത്തിന് കടപ്പാട്: ആർട്ടിസ്‌റ്റ് മോഹൻ മണിമല

ബിനു മോനിപ്പള്ളി

By ivayana