രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍
ടാറ്റു
ഒരു തുറന്നു പറച്ചിലാണ്
പ്രഖ്യാപനമാണ്
തോളെല്ലിലൊരു
പൂമൊട്ട്
ചെവിക്ക് താഴെ
പായക്കപ്പലിൻ്റെ
നങ്കൂരം
കീഴ്ച്ചുണ്ടിൽ
കലമാൻകൊമ്പുകൾ
തോളിലേക്ക് ചായ്ഞ്ഞ്
*പിയോണികൾ
ഷർട്ടിൻ്റെ വിടവിലൂടെ
തല നീട്ടുന്നൊരു
മയിൽപ്പീലി
പിൻ കഴുത്തിൽ
മുടിക്കിടയിൽ
മൂന്നാം കണ്ണ്
കഴുത്തിൽ ചുറ്റി
മാറിലേക്കിറങ്ങുന്ന
പൂവള്ളി
മുലകൾക്കിടയിൽ
ചിറകുവിരിച്ചൊരു
ഫാൽക്കൻ
മോതിരവിരലിനും
ചൂണ്ടുവിരലിനുമിടയിൽ
ഒളിപ്പിച്ച കുരിശ്.
കൈത്തണ്ടയിൽ
ചിത്രശലഭം
മുട്ടുകാലിൽ നിന്ന്
മേലോട്ടരിക്കുന്ന
കരിന്തേൾ
പൊക്കിൾ കരയിൽ
തുന്നലിട്ട ചുണ്ടുകൾ
വാരിയെല്ലിൽ
നിൻ്റെ പേര്.
പാദങ്ങളിൽ
ചുറ്റിപ്പിടിച്ച വലയും
ചിലന്തിയും.
ഇനി നിന്നെയൊന്ന്
കാണട്ടെ.
ഒറ്റക്കാഴ്ചയിൽ
ചിഹ്നങ്ങൾ ഒന്നുമില്ല
ഇടങ്കൈയിൽ നക്ഷത്രം
ഇടനെഞ്ചിൽ
ചെ’യും
ചെമ്പതാകയും.
- ചൈനയുടെ ദേശീയ പുഷ്പം
