രചന : ജിസ ജോസ് ✍
മരിച്ചതിനു ശേഷം
എൻ്റെ പുടവകൾ
നീയെന്തു ചെയ്യും?
ഓരോന്നിനും
ഹൃദയമുണ്ടെന്നും
പ്രത്യേക താളത്തിൽ
അവ മിടിക്കുന്നുണ്ടെന്നും
നിനക്കെങ്ങനെ
മനസ്സിലാവാനാണ്!
പണ്ടു പണ്ടു
തുണിക്കെട്ടുമായെത്തുന്ന
ബംഗാളി പയ്യനിൽ നിന്നു
ഇൻസ്റ്റാൾമെൻ്റിൽ വാങ്ങിയ
ചോപ്പുകരയൻ
വെള്ളസാരികൾ
ദേബ്ദാസെന്നു പേരുള്ള
അവൻ്റെ തുടുത്ത മുഖം!
കൈപ്പണിത്തരം
ചന്തംകൂട്ടിയ
കൈത്തറിസാരികൾ,
സാരിക്കെട്ടുമായെത്തുന്ന
തമിഴൻ വിടർത്തിയിട്ടു
കൊതിപ്പിച്ചിരുന്ന
കള്ളപ്പട്ടുകൾ ,
ചെട്ടിനാടൻ കോട്ടൺ…
മോഹിച്ചു വാങ്ങിയ
കാഞ്ചീപുരം
കട്ടിക്കസവിഴ പാകിയ
ബനാറസി സിൽക്ക് ..
ഉച്ചയിടവേളകളിൽ
ഓഫീസിൽ നിന്നു മുങ്ങി
സെക്കൻ്റ് സെയിലു
നടക്കുന്ന
ഗാന്ധിമന്ദിരത്തിൽ ചെന്നു
നീയറിയാതെ
വാങ്ങിക്കൂട്ടിയ
ഒഴുക്കൻ സാരികൾ ..
ഞൊറിഞ്ഞുടുക്കാതെ
അലസമായി വാരിച്ചുറ്റി
നടക്കുമ്പോൾ
എന്നെയൊരു
പച്ചക്കാടായും
മറ്റു ചിലപ്പോൾ
മഴ നനഞ്ഞൊരു
പൂന്തോപ്പായും
മാറ്റിയിരുന്നവ …
ചായപ്പാട്ടകൾ
കൈതട്ടിമറിഞ്ഞതു
പോലത്തെ
കൊതിപ്പിക്കുന്ന
വർണ്ണക്കലർപ്പുകൾ
പഴയൊരു
കസവുകരയൻസാരിയിൽ
പൊതിഞ്ഞുവെച്ച
കല്യാണ സാരി,
ഉടുത്തുടുത്തു
അറ്റം പൊട്ടിയ കോട്ടാ,
പിഞ്ഞിക്കീറിത്തുടങ്ങിയ
മൽമൽ
കൂട്ടുകാരി സമ്മാനിച്ച
മഞ്ഞച്ചുങ്കിടി….
അലമാര
തുറക്കുമ്പോഴൊക്കെയും
എണ്ണമറ്റ പുടവകൾ നോക്കി
നീയത്ഭുതപ്പെടും..
ഇതൊക്കെയെങ്ങനെ
ഒഴിവാക്കുമെന്നു
തല പുകയും.
ഇതിലൊന്നെങ്കിലും ചുറ്റി
എന്നെക്കണ്ടിരുന്നോയെന്നു
ഓർത്തെടുക്കാൻ ക്ലേശിക്കും….
വാരിക്കൂട്ടി കത്തിക്കണോ
എടുത്തു കൊണ്ടു പൊയ്ക്കോ
എന്നു ഉദാരനാവണോ?
നിനക്കു ശങ്കയാവും
പഴയ വസ്ത്രം തേടിവരുന്ന
അനാഥാശ്രമക്കാരോ
വെള്ളപ്പൊക്ക ദുരിതക്കാരോ
പടികടന്നെത്തിയിരുന്നെങ്കിലെന്നു
മോഹിക്കും.
മരിച്ചവളുടെ പുടവകൾ
അവൾക്കൊപ്പം
മരിച്ചു തീർന്നിട്ടുണ്ടാവും.
സംസ്കരിക്കാൻ വൈകുംതോറും
ചീഞ്ഞു തുടങ്ങുമെന്നു
നീയറിയാൻ തുടങ്ങും.
വാക്കനൽ