1976 ൽ ഐക്യരാഷ്ട്ര സഭയുടെ പൊതു സഭ 1981അന്താരാഷ്ട്ര വികലാംഗ വർഷമായും1983 മുതൽ 1992 വരെ അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ആചരിച്ചു. 1992 മുതൽ ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിനമായി. (ഇന്റർനാഷണൽ ഡേ ഓഫ് പീപ്പിൾ വിത്ത് ഡിസബിലിറ്റി) ആചരിക്കുവാൻ തുടങ്ങിയത് പിന്നീട് ലോക ഭിന്ന ശേഷി ദിനം എന്ന് ഇത് അറിയപ്പെട്ടു .മാനസികമായോ ശാരീരികമായോ ബുദ്ധിപരമായോ ,വൈകാരികമായോ ഇന്ദ്രിയ സംബന്ധിയായോ, , പോഷണസംബന്ധിയായോ, വികസനപരമായോ ഉണ്ടാകുന്ന ഹാനികളോ കൂടിച്ചേരലുകളോ കാരണം വ്യക്തികൾക്കോ സമൂഹങ്ങൾക്കോ സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളുടെ പരിണതഫലം ആണ് ഭിന്നശേഷി എന്ന് സാമാന്യമായി വിവക്ഷിക്കുന്നത് .
ഭിന്നശേഷി പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ മുഖ്യധാരയിൽ എത്തിക്കുവാനും ലക്ഷ്യമിട്ടും രാഷ്ട്രീയ, സാമൂഹ്യ ,സാമ്പത്തിക, വിദ്യാഭ്യാസ ആരോഗ്യ, സാംസ്കാരിക മേഖലകളിൽ അവരെ സ്വയം പര്യാപ്തരാക്കുവാനും ആണ് ഈ ദിനം നിലകൊള്ളുന്നത് .

ലോക ജനസംഖ്യയുടെ ഏകദേശം 15 ശതമാനം പേർക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
2021 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 2.1ശതമാനത്തോളം ഭിന്നശേഷിക്കാരാണ് .കേരളത്തിൽ 2015ൽ പ്രസിദ്ധീകരിച്ച ഭിന്നശേഷി സർവ്വേ റിപ്പോർട്ടിൽ 22തരം ഭിന്നശേഷി വിഭാഗത്തിൽ ഏകദേശം 7.94 ലക്ഷം സംസ്ഥാനത്തുണ്ട് അത് ഇന്ന് ഏറെ വര്ധിച്ചിട്ടുമുണ്ട് .”സാമൂഹിക പുരോഗതി കൈവരിക്കുന്നതിനായി ഭിന്നശേഷി സമൂഹങ്ങളെ പരിപോഷിപ്പിക്കുക” എന്നതാണ് 2025 ലെ പ്രമേയം.

               കാഴ്ച പരിമിതര്‍, ശ്രവണ സംസാര പരിമിതര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, സെറിബല്‍ പാഴ്‌സി, പഠന വൈകല്യമുള്ളവര്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ അങ്ങനെ നീളുന്നു ഭിന്നശേഷിക്കാരുടെ 

പട്ടിക .വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ആണ് ഏറ്റവും കൂടുതൽ വെല്ലുവിളികള്‍ നേരിടുന്നത് . “എനിക്ക് ശേഷം എന്താകും എന്ന ചോദ്യം അലട്ടികൊണ്ടേയിരിക്കും .‘ഇൻക്ലൂസ്സീവ് സ്കൂൾ’ എന്ന വേറിട്ടൊരാശയം ഭിന്നശേഷി വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഒരാശ്വാസമായി നമുക്ക് മുന്പിലുണ്ട് .സ്‌കൂള്‍തലത്തിലും തുടർന്നും കലാകായിക രംഗത്തും കര വിരുതിലും വലിയ മുന്നേറ്റങ്ങൾ നേടുന്ന ഭിന്നശേഷിക്കാർ അതിനു ശേഷം ജീവിതം കെട്ടിപ്പടുക്കാൻ കഴിയാതെ വലിയ ദുരന്തങ്ങളിലേക്കു
പോകുന്നത് വർത്തമാന കാലത്തു പതിവ് കാഴ്ചയാണ് .മാത്രമല്ല ഇവരിൽ ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് വീടിനും സമൂഹത്തിനും ബാധ്യതയായി മാറുന്നതും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു .

എന്നാൽവൈകല്യങ്ങള്‍ തളർത്തുമ്പോഴും വലിയ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഭിന്നശേഷിക്കാർ ഇന്ന് നമുക്ക് മുമ്പിൽ വിസ്മയമായി നിൽക്കുന്നുമുണ്ട് . വൈകല്യങ്ങൾ മറന്നു യഥാര്‍ത്ഥ കഴിവുകളെ തിരിച്ചറിഞ്ഞു , ‘ഡിസേബിള്‍ഡ്’ എന്ന വാക്ക് ‘ഡിഫറന്റ്ലി ഏബിള്‍ഡ്’ എന്ന അവസ്ഥയിലേയ്ക്ക് ഉയര്‍ത്താനായി സന്നദ്ധ പ്രവർത്തകരും സുമനസ്സുകളും ഇവരെ പൊതു സമൂഹത്തിൽ ഉയർത്തികൊണ്ടുവരികയും അവരുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുന്നതും ആശാവഹമാണ് .

കേരളത്തിൽ ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പും 1979-ൽ സ്ഥാപിതമായ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വിവിധ പദ്ധതികളും അവാർഡുകളും നടപ്പാക്കിയിട്ടുണ്ട് .
ലോകപ്രശസ്തനായ പിയാനോ സംഗീതജ്ഞൻ ബിഥോവൻ കേൾവിക്കുറവും . അമേരിക്കൻ എഴുത്തുകാരി ഹെലൻകെല്ലർ കാഴ്ചവെല്ലുവിളി നേരിടുകയും സ്റ്റീഫൻ ഹോക്കിങ്, സ്റ്റീവ് ജോബ്സ് ഫ്രാങ്കിലിൻ ഡി റൂസ്വെൽറ്റ് എന്നിവർ , എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യാക്കാരിയായ അരുണിമ സിൻഹ 2014ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ ഇറ സിംഗാൽ, 2012 ൽ ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിനെ 20 20മത്സരത്തിൽ വിജയത്തിലേക്ക് നയിച്ച ശേഖർ നായിക്ക് ഉൾപ്പെടെയുള്ളവരും പ്രതിസന്ധികളെ തരണം ചെയ്തു ഭിന്നശേഷിയെ അതിജീവിച്ചു ലോകത്തിനു മുൻപിൽ മാതൃകയായി നിൽക്കുന്നു .

                    വികലമായ മനസുള്ളവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന വർത്തമാന കാലത്തു അംഗ വൈകല്യമുള്ളവരുടെ  മനുഷ്യാവകാശ സംരക്ഷണം ഉറപ്പു വരുത്താനും ഭിന്നശേഷി സൗഹൃദമായ സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുക  എന്നത് ഭരണകൂടത്തിന്റെയും കൂടി ബാധ്യതയാണ് . ഈ ദിനത്തിൽ ആശംസകൾക്കപ്പുറം കരുണയും മനുഷ്യത്വവും അനുകമ്പയു  സ്നേഹവും നിറഞ്ഞ ബഹുസ്വര സമൂഹം ഉണർന്നു പ്രവർത്തിക്കട്ടെ എന്നാശംസിക്കാം .

സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും ആണെന്ന തിരിച്ചറിവുണ്ടാകട്ടെ ..

അഫ്‌സൽ ബഷീർ തൃക്കോമല

By ivayana

Leave a Reply

Your email address will not be published. Required fields are marked *