രചന : മംഗളൻ. എസ് ✍️
ഒറ്റിക്കൊടുക്കുമെന്നറിവുണ്ടായിട്ടും
ഒറ്റുകാർക്കൊപ്പമത്താഴം കഴിച്ചു നീ
മരക്കുരിശിൽപ്പിടയുന്നേരം തവ
മനസ്സിലെന്തായിരുന്നെൻ്റെ ഈശോയേ..
മുൾക്കിരീടം നിൻ ശിരസ്സിലണിയിക്കേ
മുൾമുനയേറ്റേറ്റു നിണ മിറ്റുവീണു
നെറുകെയിൽനിന്നിറ്റുവീണ നിണം നിൻ
നിറവാർന്ന കവിളിൽ തഴുകിപ്പോയി..
ഇരുകരങ്ങൾ എതിർ ദിശയിൽ വലിച്ചു
ഇരുമ്പാണിയാൽ തൃക്കെെകളോ ബന്ധിച്ചു
പാദങ്ങളൊന്നിച്ചൊരാണിയാൽ ബന്ധിച്ചും
പാപികൾ നിന്നെ മരക്കുരിശിലേറ്റി..
ചോരയാൽ തിരുനെറ്റി ചോപ്പണിഞ്ഞപ്പോൾ
ചോരപ്പാടാൽ സന്ധ്യാസൂര്യനായ് നിൻമുഖം
ചുടുനിണമിറ്റിച്ച് പിടയുമ്പോഴും നിൻ
ചുണ്ടിലെ നറുപുഞ്ചിരി മാഞ്ഞതില്ല..!
പാവനമാനെറ്റി, തൃക്കൈകൾ, പാദങ്ങൾ
പാരിതിലിറ്റിച്ച നിണമാർക്കുവേണ്ടി..?
പാപികളെന്നെന്നും പാപങ്ങൾ ചെയ്യുന്നു
പാവനമാം നിൻ്റെ സ്മരണയോ ബാക്കി!
