രചന : ദീപക് രാമൻ ശൂരനാട്. ✍.
എൻ്റെ ദൈവം മരിച്ചതല്ല,
കൊന്നതാണ് നിങ്ങളാരോ
വിൽപനക്ക് നിരത്തിവച്ച്
വിറ്റു നേടി ശതകോടികൾ
പട്ട് മുന്നിൽ വിരിച്ചുവച്ച്
കൈ, ഇട്ടു വാരി പല നാളുകൾ.
കണ്ടുകണ്ട് മനം മടുത്ത്
ചങ്കുപൊട്ടി മരിച്ചു ദൈവം.
കരിങ്കലിനുള്ളിൽ ബന്ധനത്തിൽ
കൊന്നതാണ് നിങ്ങളാരോ…
എൻ്റെ ദൈവം മരിച്ചതല്ല,
കൊന്നതാണ് നിങ്ങളാരോ…
കതിര് കൊയ്ത് കളം നിറച്ചും
പതിര് തൂറ്റി അറ നിറച്ചും
നാഴി നെല്ലിന് തൊഴുതുനിന്ന്
മനസ്സ് നൊന്ത് മരിച്ചു ദൈവം.
കണ്ണുനീരിന് കരം പിരിച്ച്
നാട്ടുകൂട്ടം വാണനാട്ടിൽ
ഉണ്ട് കുംഭ നിറഞ്ഞവർ
കണ്ടഭാവം കാട്ടിയില്ല,
ഉരിയ വറ്റിന് കൈകൾകൂപ്പി
കുടലുണങ്ങി മരിച്ചു ദൈവം
എൻ്റെ ദൈവം മരിച്ചതല്ല,
കൊന്നതാണ് നിങ്ങളാരോ…
എൻ്റെ ദൈവം മരിച്ചതല്ല,
കൊന്നതാണ് നിങ്ങളാരോ…
നൊന്തുപെറ്റവൾ ചോരക്കുഞ്ഞിനെ
മാറിടത്തിൽ ചേർത്തിടാതെ
കൈ വെടിഞ്ഞൊരു പുഴനടുവിൽ
അന്ന് മുങ്ങി മരിച്ചു ദൈവം…
അമ്മയെന്നൊരു നന്മ നമ്മുടെ
മണ്ണിലന്ന് മരിച്ചുപോയ്
അവൾ ചുരത്തിയ സ്നേഹമെല്ലാം
കുഞ്ഞ്നെറുകയിലുറഞ്ഞുപോയ്
അന്ന് മുങ്ങി മരിച്ചു ദൈവം
ആ പുഴയുടെ നടൂവിലായ്
എൻ്റെ ദൈവം മരിച്ചതല്ല,
കൊന്നതാണ് നിങ്ങളാരോ,
എൻ്റെ ദൈവം മരിച്ചതല്ല,
കൊന്നതാണ് നിങ്ങളാരോ…
ഇരുള് മൂടിയ വഴിയരികി-
ലുയർന്നു കേട്ടൊരു രോദനം
നിണമൊഴുകിയ ഉടലുമായി
വിവസ്ത്രയായൊരു പെൺകൊടി
പച്ചമാംസം ആർത്തിയോടെ
ഭുജിക്കുവാൻ നരഭോജികൾ
കണ്ടുനിന്നവർ കണ്ണടച്ച്
പിൻതിരിഞ്ഞ് നടന്നുപോയ്
അന്ന് എൻ്റെ മനസ്സിനുള്ളിലെ
നന്മ ദൈവം മരിച്ചുപോയ്,
എൻ്റെ ദൈവം മരിച്ചതല്ല,
കൊന്നതാണ് നിങ്ങളാരോ…
എൻ്റെ ദൈവം മരിച്ചതല്ല,
കൊന്നതാണ് നിങ്ങളാരോ…

