രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍
നിശ്ശബ്ദതയുടെ നടുവിൽ
ഒരു നിലവിളി പൊങ്ങിയിരുന്നു,
മനുഷ്യരുടെ കണ്ണുകൾക്കു മുന്നിൽ.
അവൾ നിലവിളിക്കാനായി വായ് തുറന്നു,
പക്ഷേ സമൂഹം
മൈക്കിന്റെ ശബ്ദം കൂട്ടി.
അവൾ നീതിയുടെ കവാടത്തിൽ എത്തി,
കൈയിൽ രേഖകൾ,
മനസിൽ ചോദ്യങ്ങൾ.
കോടതി ഇരുന്നു,
തെളിവുകൾ വായിച്ചു,
സാക്ഷികൾ മിണ്ടാതെ നിന്നു.
വിധി പ്രഖ്യാപിച്ചു
“നിശ്ശബ്ദതയാണ് കുറ്റക്കാരി.”
അതിനാൽ നിശ്ശബ്ദതക്ക് ശിക്ഷ.
പക്ഷേ,
നിശ്ശബ്ദരായവർ
പുറത്ത് പത്രസമ്മേളനത്തിൽ
വാക്കിനെക്കുറിച്ച് സംസാരിച്ചു.
അവൾ മടങ്ങി,
കണ്ണുനീർ ഒപ്പിയെടുത്ത്,
നീതിയുടെ പേര് ഉച്ചരിക്കാൻ പോലും
ഇനിയും ധൈര്യമില്ലാതെ.

