രചന : സതീഷ് ഗോപി ✍
ഉപ്പിലിട്ട മാങ്ങയുമായൊരാ-
ളുച്ചയാളുന്ന പാതയോരത്തൊരെൻ
നഷ്ട ബാല്യ നിലാത്തുണ്ട് നീർത്തുന്നു.
ചില്ലുകുപ്പിയിൽ നെല്ലിക്ക, കാരറ്റ്
സ്വർണപൈനാപ്പിളായുസിൽ
തെല്ലു ദൂരം പിറകിലാവുന്നു ഞാൻ.
ഓർമ കൊണ്ടു മുറിവേറ്റയുൾ വനം
കാർമുകിൽ വന്നു കലങ്ങുമാകാശമാം
ആ വഴിയിൽ തിരിച്ചു നടക്കുവാ-
നാവതില്ലാത്ത വേവലാതിപ്പകൽ .
പാഠശാല, മയിൽപ്പീലിയുത്സവ
ക്കാല മാറ്റിലെ വറ്റാത്തണുപ്പുകൾ
തോർത്തു മുണ്ടിൽ കുടുങ്ങിയ മീനിന്റെ
ദീന നേത്രങ്ങളുള്ളിൽ പിടക്കവേ
നീരൊഴുക്കിൽ മടക്കിയയച്ചതാം
നേരുജീവന്റെ നന്ദിച്ചിറകാട്ടം.
തുമ്പിവാലിൽ കൊരുത്ത പുൽതുമ്പെന്റെ
നെഞ്ചിലാഴ്ന്നു മിടിക്കുന്നുണ്ടിപ്പൊഴും
തല്ലിയോടിച്ചു കൊന്നു കുഴിച്ചിട്ട
മഞ്ഞയോന്തിന്റെ കല്ലറ ചൂടിയ
മുൾക്കുരിശുണ്ട് മുതുകത്തിറങ്ങാതെ.
സൂചി കുത്താനിടമില്ലാതാക്കടൽ
ചോദനകളെയുത്സവമാക്കിയ
ക്ഷേത്ര തീരങ്ങൾ, കിട്ടാ ബലൂണുകൾ
ഗാത്ര വീർപ്പ് കൊതിപ്പിച്ച കാലങ്ങൾ .
നീലവിണ്ണിന്റെ തുണ്ടു വിതാനിച്ച
ചോല ചൂഴുന്ന തട്ടുകടത്തട്ടിൽ
ആവി പാറുന്ന പുട്ടും കടലയു-
മാസകലം മസാലയിൽ പൊള്ളിയ
ബീഫുമാവൃത മീൻപൊരിച്ചന്തവും
ആരവങ്ങള ഹങ്കാര യൗവ്വന –
ക്കാരമുൾക്കാട് പൂത്ത വനാന്തരം.
ലോല ഹൃത്തിനെ പൊള്ളിച്ച പാപങ്ങൾ
പ്രായരേഖ നരപ്പിച്ച കാലത്തും
പേടിസ്വപ്നങ്ങളായാളുന്നകത്തൊരു
ഗൂഢ ദുർലിപി ശേഷിപ്പുപോലവേ.
