കാലത്തിൻ കരിമ്പടം മാറ്റിടുന്നു ഭൂമി,
കാൽചിലമ്പൊച്ചയോടെ പുതുവത്സരം.
ഇലപൊഴിയും ശിശിരത്തിൻ ഓർമ്മകൾ മായ്ച്ചു-
ന്നിതളിലായ് വിരിയുന്നു ഹിമകണങ്ങൾ.
ഇന്നലെപ്പെയ്ത തോരാത്ത കണ്ണുനീർ തുള്ളികൾ
മണ്ണിലലിഞ്ഞൊരു വളമായ് തീരട്ടെ.
നഷ്ടങ്ങളല്ലിനി, നേട്ടങ്ങൾ കൊയ്യുവാൻ
നെഞ്ചിലൊരു തരി കനലായ് ജ്വലിക്കട്ടെ.
മണ്ണിൽ തകർന്ന കിനാവുകൾ തൻ ചാര-
ത്തിന്നൊരു കനലായ് നാം ഉയിർത്തെഴുന്നേൽക്കാം.
തകർക്കപ്പെട്ടോരു ഗ്രാമങ്ങൾ തൻ നെഞ്ചിലും
തളിർക്കട്ടെ സ്നേഹത്തിൻ പച്ചപ്പുകൾ.
കലഹങ്ങൾ തീർത്തോരു വേലിക്കെട്ടുകൾ മാറ്റാം,
കരളിലെ വിദ്വേഷക്കറകൾ മായ്ക്കാം.
പ്രകൃതിതൻ നോവിനെ പുണർന്നു കൊണ്ട് നാം
ഭൂമിക്കൊരു കാവലാളായി മാറാം.
മനുഷ്യത്വം മരവിക്കാത്തൊരു നാളേയ്ക്കായ്
മനസ്സുകൾ കോർത്തു നാം മുന്നേറിടാം.
വരാനുള്ള കാലം വസന്തമായിടട്ടെ-
വിരിയാനിരിക്കുന്ന പൂവായിടട്ടെ.
പുതുവത്സര സന്ദേശം:-
“കടന്നുപോയ വർഷം നമ്മെ പഠിപ്പിച്ചത് കണ്ണുനീരിന്റെ വിലയല്ല, മറിച്ച് തളരാതെ നിൽക്കാനുള്ള കരുത്താണ്. പ്രകൃതിയും പ്രിയപ്പെട്ടവരും നമ്മെ വിട്ടുപോകുമ്പോഴും, വീണ്ടും പടുത്തുയർത്താനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയാണ് ഏറ്റവും വലിയ പ്രത്യാശ. ഈ പുതുവർഷത്തിൽ നമുക്ക് പുരോഗതിയുടെ വലിയ ഗോപുരങ്ങൾ പണിയുന്നതിനൊപ്പം, മരവിച്ചുപോകാത്ത ഒരു മനസ്സും മറ്റുള്ളവരുടെ നോവറിയുന്ന ഹൃദയവും സ്വന്തമാക്കാം. വെറുപ്പിന്റെ മതിലുകൾ തകർത്ത് സ്നേഹത്തിന്റെ പാലങ്ങൾ പണിയുന്ന ഒരു പുതുവർഷമാകട്ടെ ഇത്.”
ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

ഉണ്ണി ഗുരുവായൂർ

By ivayana