ഹർഷമോടുണരുന്നതാം നവ വർഷമേ,
ആനന്ദഭരിതമായുണരുമെൻ ഹൃദയമേ,
സദയം കൊതിക്കുന്നുദയ മഹിതസ്മിതം,
ഹരിതാഭമായുയർത്തേണമെൻ ഗ്രാമ്യകം.

പുത്തൻ പ്രതീക്ഷാ പുലരിപോലനുദിനം
നിത്യോപകാരപ്രദം സ്തുത്യ ജീവിതം
സുകൃതമായാമോദ ചിന്തകൾപ്പകരുന്ന-
കാവ്യമായുണരട്ടെയോരോ പ്രഭാതവും.

കാലങ്ങളോരോന്നും രമ്യവർണ്ണങ്ങളിൽ
നന്മയാനുപമ സ്നേഹമായനുദിനം
കളകളംപാടുന്ന യരുവിതൻ ഗാനമായ്
കമനീയമായുമുണർത്തട്ടെ ജീവിതം.

തളിരിട്ടുനിൽക്കുന്നതാം പുണ്യകാലമേ,
തഴുകിയുണർത്തുന്നതാം സുദിനതീരമേ,
കൈരളീസ്വപ്നമായിവിടെയീ കമനീയ-
വാടിയിലൂടൊഴുകുന്നതാ,മരുവി നാം.

വർണ്ണാഭമായുദിക്കുന്നതാം ചിന്തകൾ
കർണ്ണികാരംപോലുണർത്തുന്ന കടമകൾ
കരുണാർദ്ര ഹൃദയങ്ങൾക്കേകേണ്ട നന്മകൾ
മലയാളമേ യുള്ളിലെഴുതുന്നു പുലരികൾ.

തിരുകരത്താലു ദയമേകുന്ന സ്നേഹകം
തിരിതെളിക്കുന്നുഷസ്സെന്നപോൽ സാന്ധ്യവും
തിരികെ നേടാൻ കൊതിക്കുന്നില്ലെ ബാല്യകം;
തിളങ്ങിനിൽക്കുന്നകം; ഗ്രാമ്യപ്രദീപകം.

ആദരപൂർവ്വം സ്തുതിക്കുന്നു; ഭാരതം
മഹനീയ സ്നേഹോദയത്താൽ പ്രകാശിതം
നവരമ്യ വർഷമേ,യോതുന്നു സ്വാഗതം
ഹർഷമായാഘോഷ പുലരിപോലാദരം.🙏

അൻവർ ഷാ ഉമയനല്ലൂർ

By ivayana