സ്വാതന്ത്ര്യസമരസേനാനി എൻ.പി. അബുവിന്റെയും ഇമ്പിച്ചി പാത്തുമ്മയുടെയും
മകനായി കോഴിക്കോട്‌ ജില്ലയിലെ കുണ്ടുങ്ങൽ 1928 ജൂലൈ 1ന് എൻ പി മുഹമ്മദ്‌ ജനിച്ചു .പരപ്പനങ്ങാടിയിലും കോഴിക്കോടും ആയിരുന്നു വിദ്യാഭ്യാസം.പിന്നീട് കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി നോക്കി. ബിച്ചാത്തുമ്മയാണ് ഭാര്യ .പ്രമുഖ സാഹിത്യകാരൻ എന്‍.പി. ഹാഫിസ് മുഹമ്മദ് ഉൾപ്പടെ ഏഴു മക്കൾ. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട്‌ ബ്യുറോയിൽ റസിഡന്റ്‌ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. നവസാഹിതി,ഗോപുരം,ജാഗ്രത,നിരീക്ഷണം, പ്രദീപം മാസിക എന്നിവയുടെ പത്രാധിപസമിതി അംഗമായും പ്രവർത്തിച്ചു .മദിരാശി സർക്കാരിന്റെ പുരസ്കാരം ലഭിച്ച വിമർശന സാഹിത്യമായിരുന്ന “തൊപ്പിയും തട്ടവും” ആണ് ആദ്യ കൃതി. മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായ പരപ്പനങ്ങാടി പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹമെഴുതിയ “ദൈവത്തിന്റെ കണ്ണ് “എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്ന് .
ആചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഇടയിൽപ്പെട്ട “അഹമ്മദ് ” എന്ന കൗമാരക്കാരനെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച നോവലിൽ അഹമ്മദിന് പ്രകൃതിയുമായുള്ള ബന്ധം എടുത്തു പറയേണ്ടതാണ്. പ്രകൃതിക്കു നേരെയുള്ള ഓരോ ചെറിയ കടന്നു കയറ്റവും അവനെ വിഷണ്ണനാക്കുന്നു ഉമ്മ കൈക്കോട്ടുമായി വന്ന് കിളയ്ക്കുമ്പോൾ അതിന്റെ മൂർച്ചയേറിയ ഭാഗം മണ്ണിനെ സ്പർശിക്കുമ്പോൾ മണ്ണ് പൊളിഞ്ഞു വീഴുന്നത് അവനു അവന്റെ നെഞ്ചിൽ ആരോ ഇടിക്കുന്ന തോന്നൽ ഉണ്ടാക്കുന്നു
എന്നും അമ്മയുടെ മാറ് കുത്തിത്തുരന്നാൽ അവസാനത്തെത്തുള്ളി മുലപ്പാലും ഊറ്റിയെടുക്കാമെന്ന് അഹങ്കരിച്ച് സാങ്കേതികവിദ്യകളിൽ പുളകം കൊള്ളുന്നവർക്കെതിരെ ശബ്ദമുയർത്തുന്നവരാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ എന്നും ഈ നോവൽ സമർപ്പിച്ചിരിക്കുന്നത് പരിസ്ഥിതിസംരക്ഷണ പ്രവർത്തകർക്കാണ് .

ആ കൃതിയിൽ പരാമർശിക്കുന്നുണ്ട് .
ഒരു ചെറിയ പട്ടണത്തില്‍ നടക്കുന്ന വലിയ കഥ രണ്ട് പ്രമുഖ എഴുത്തുകാര്‍ ചേര്‍ന്നെഴുതിയ മലയാളത്തിലെ ആദ്യ നോവല്‍ എന്ന വിശേഷണമുള്ള “അറബിപ്പൊന്ന് “അദ്ദേഹവും എം ടി യും ചേർന്നെഴുതിയതാണ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ച് അദ്ദേഹം രചിച്ച “മുഹമ്മദ് അബ്ദുറഹ്മാൻ:ഒരു നോവൽ” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് “വീരപുത്രൻ” എന്ന ചരിത്ര സിനിമ പുറത്തു വന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ “മരം’ എന്ന നോവൽ യൂസഫലി കേച്ചേരി സിനിമയാക്കിയിട്ടുണ്ട് .തുടർന്ന് ചുഴി, മാന്യമഹാജനങ്ങളേ എന്നിവയും സിനിമകളായി. എണ്ണപ്പാടം,ഹിരണ്യകശിപു,തങ്കവാതില്‍ ,ഗുഹ,നാവ്,പിന്നെയും എണ്ണപ്പാടം തുടങ്ങിയ നോവലുകളും
പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം,എന്‍.പി.മുഹമ്മദിന്റെ കഥകള്‍,ഡീകോളനൈസേഷന്‍,എന്റെ പ്രിയപ്പെട്ട കഥകള്‍,നല്ലവരുടെ ലോകം,ലൌ ഇന്‍ കുണ്ടുങ്ങല്‍ തുടങ്ങിയ കഥാസമാഹാരങ്ങളും പുകക്കുഴലും സരസ്വതിയും,മാനുഷ്യകം,മന്ദഹാസത്തിന്റെ മൊന രോദനം,വീരരസം സി വി കൃതികളില്‍ തുടങ്ങിയ നിരൂപണങ്ങളും ,സെക്യുലര്‍ ഡെമോക്രസിയുറ ഇന്ത്യയിലെ മുസ്ലീംകളും എന്ന പഠനവും അവർ നാലു പേർ,ഉപ്പും നെല്ലും,കളിക്കോപ്പുകൾ,കളിപ്പാനീസ്‌
തുടങ്ങിയ ,ബാലസാഹിത്യ കൃതികളും ,ഇസ്ലാം രാജമാർഗ്ഗം എന്ന
ഇസ്സത് ബോഗോവിച്ചിന്റെ കൃതിയുടെ
വിവർത്തനവും അദ്ദേഹത്തിന്റെ കൃതികളാണ് .
കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് ലളിതാംബിക അന്തര്‍ജ്ജനം പുരസ്കാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം,മലയാള വിഭാഗം ഉപദേശക സമിതി കണ്‍വീനര്‍,കേരള സംഗീത നാടക അക്കാദമി അംഗം,ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം,കേരള സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.മണിരത്‌നം സംവിധാനം
ചെയ്ത ഉണരൂ എന്ന ചലച്ചിത്രത്തിൽ
അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .
കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരിക്കെ 2003 ജനുവരി 3 ആം തിയതി മലയാള സാഹിത്യത്തിലെ അറബി പൊന്നായിരുന്ന എൻ. പി കഥാവശേഷനായി .
സാഹിത്യത്തിലെ
സുവർണ്ണ നക്ഷത്രങ്ങളെ അവരുടെ
ചരമ വാർഷീക ദിനത്തിൽ പോലും മുഖ്യധാരാ മാധ്യമങ്ങളുൾപ്പെടെ സൗകര്യ പൂർവ്വം മറക്കുന്നത് സാഹിത്യ സ്നേഹികൾ വലിയ ആശങ്കയോടും ദുഃഖത്തോടെയുമാണ് വീക്ഷിക്കുന്നത് .കാലം
എത്ര പിന്നിട്ടാലും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾക്ക് മരണമില്ല എന്നതിൽ സംശയമില്ല .

“മനസ്സ് എൻ്റെ മുത്ത്. തിളക്കം അണയാതെ അതു കാത്തു പോരുന്ന കാലത്തിനു നമസ്കാരം “

അഫ്സൽ ബഷീർ

By ivayana