രചന : കെ.ആര്‍.സുരേന്ദ്രന്‍✍️
ഉദയാസ്തമയങ്ങൾ
നിന്‍റെ വരദാനങ്ങളെങ്കിൽ,
എനിക്കോ തിളയ്ക്കുന്ന
പകലുകളുടെ ശാപവചനങ്ങൾ.
സമയം നിനക്ക്
കെട്ടിക്കിടക്കുന്ന ജലാശയമെങ്കിൽ,
എനിക്കോ സമയം
കുതിച്ചൊഴുകുന്ന പുഴ.
അല്ലെങ്കിൽ പറക്കുന്ന
ഒരു ബുള്ളറ്റ് ട്രെയിൻ.
ശ്യാമനിബിഡതകൾ
നിന്നെപ്പുണരുമ്പോൾ,
എന്നെപ്പുണരുന്നു കോൺക്രീറ്റ് കാടുകൾ.
രാപ്പാടിയുടെ സംഗീതം
നിനക്ക് താരാട്ടെങ്കിൽ,
വന്യതാളങ്ങൾ
എനിക്ക് ഉറക്കുപാട്ട്.
അരുവികളുടെ പാദസരക്കിലുക്കങ്ങൾ,
മന്ദമൊഴുകുന്ന പുഴ, ശാന്തമായ തടാകം,
നിന്‍റെ കണ്ണുകൾക്ക് കുളുർമ്മയെങ്കിൽ,
ടാറിട്ട കറുത്ത പുഴകളും,
പ്ളാസ്റ്റിക് പൂക്കളും
എനിക്ക് വരവേൽപ്പ്.
പാറിപ്പറക്കുന്ന പക്ഷികളും, പറവകളും
നിനക്ക് ആമോദങ്ങളെങ്കിൽ,
എനിക്ക് മാനത്ത് താണുപറക്കുന്ന
യന്ത്രപ്പറവകളുടെ ഹുങ്കാരം.
അവിടെ ആകാശച്ചെരിവിലെ
നീലക്കുന്നുകൾ
നിന്‍റെ കണ്ണുകൾക്ക് കാന്തമെങ്കിൽ,
ഇവിടെ ഫാക്ടറികളുടെ
പുകക്കുഴലുകൾ തുപ്പുന്ന
കറുത്ത രാക്ഷസി
എന്നെ ശ്വാസം മുട്ടിക്കുന്നു.
സ്നേഹത്തിന്‍റെ മുഖങ്ങൾ
നിന്നെ വരവേൽക്കുമ്പോൾ,
ഞാൻ ആൾക്കൂട്ടപ്രവാഹത്തിൽ
ഒരു ബിന്ദു.
എനിക്കും, നിനക്കും, പക്ഷെ,
ആകാശം എന്നും ഒന്ന്.
ചന്ദ്രനും, താരകങ്ങളും എന്നും ഒന്ന്….

