രചന : ആമിരജി ✍️
വൈകി ഉണരുന്നവളുടെ അടുക്കളയിൽ,
പതിവിലും ബഹളം
കൂടുതൽ ആയിരിക്കും.
വൈകിയതിന്റെ പരവേശത്തിൽ
ഓടികിതച്ചു വന്നതിൽ പിന്നേ ആദ്യം
അവളെത്തുന്ന ഇടം ഇന്നവളെ
കാണാതെ മൗനം ഭജിച്ചിരിക്കുന്നു…
രാവിലെ എണീറ്റ് കുളിച്ചു കുറിയിട്ട്
വരുന്ന അവളെ കാത്തിരിക്കുന്ന പാത്രങ്ങൾ
പരസ്പരം ചോദിച്ചു തുടങ്ങി,
അവളെവിടെപോയെന്ന്…
ഞാൻ ഇല്ലാതെ എന്റെ സ്പർശനമേൽക്കാതെ
എന്റെ പ്രിയപ്പെട്ട ഇടങ്ങൾ..
ന്റെ ദൈവമേ,
എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല…
പ്രിയപെട്ടവരുടെ മണമില്ലാതെ,
പാത്രങ്ങളുടെ ശബ്ദമില്ലാതെ
ഞാൻ എങ്ങനെ…
എനിക്ക് വയ്യാ…
എനിക്ക് വയ്യ ഇങ്ങനെ മരിച്ചു കിടക്കാൻ…
ന്റെ ദൈവമേ…
എന്നെ കുറിച്ചോർത്തല്ല
എന്റെ പ്രിയപ്പെട്ടവരെ കുറിച്ച് ഓർത്ത്
വിങ്ങുന്നു മരവിച്ച ന്റെ ഹൃദയം.
വീടിന്റെ ഓരോ മൂലയിലും മുരളിച്ച…
അടക്കം പറയുന്ന പരിചിതമല്ലാത്തവർ,
എന്റെ പ്രിയപ്പെട്ട ഇടങ്ങളിൽ തൊട്ട്
ആധിപത്യം സ്ഥാപിക്കുമെന്ന്
ഞാൻ പേടിക്കുന്നു…
ന്റെ ദൈവമേ….
എനിക്ക് പേടിയാകുന്നു,
ഞാൻ മരിച്ചാൽ ന്റെ കുഞ്ഞു കരഞ്ഞു തളരും…
ആ കണ്ണീരു കണ്ടിട്ടും തുടക്കാൻ
കഴിഞ്ഞില്ലെങ്കിൽ ഞാൻ തളർന്നു പോകും…
ഞാനില്ലായ്മയെ നേരിടാൻ ന്റെ കുഞ്ഞിന് കഴിയില്ല..
അവൾക്ക് ഓടിയൊളിക്കാൻ
ന്റെ നെഞ്ചകമല്ലാതെ വേറൊരിടമില്ല…
ന്റെ ദൈവമേ… എനിക്ക് മരിക്കണ്ടാ…
കുഞ്ഞിന്റെ ഉള്ളം ശക്തി പ്രാപിക്കുന്നതു വരേ
എനിക്ക് മരിക്കണ്ടാ…
ന്റെ ദൈവമേ…
