തിരിതാഴ്ന്നുപോയൊരുസന്ധ്യാനേരം,
തിരയൊഴിഞ്ഞതീരത്തെ മൗനംപോലെ,
അറിയാത്തലോകത്തിൻ വാതിൽക്കൽനിന്ന്
അതിഥിയായ് വന്നെത്തിമൃത്യുദൂതൻ!

പകുത്തുവെച്ചോരുവാക്കുകൾ ബാക്കി,
പണിതുതീരാത്ത സ്വപ്നങ്ങൾ ബാക്കി,
പതിയെ വിളിക്കാതെ പടികടന്നെത്തി
പ്രാണന്റെനൂലിഴയറുത്തുമാറ്റി!

ഇന്നലെ നാം കണ്ട പുഞ്ചിരിയെല്ലാം
ഇന്നൊരുകരിനിഴൽ ചിത്രമായി,
തൊട്ടുവിളിച്ചാലുണരാത്ത നിദ്രയിൽ
തണുത്തുറഞ്ഞീടുന്നുനിൻ്റെമേനി!

എങ്ങുപോയിനിൻ്റെ ഗർവ്വുകളെല്ലാം?
എങ്ങുപോയി നിൻ്റെമോഹങ്ങളെല്ലാം?
ഒരു പിടിഭസ്മമായ് മാറുവാൻ മാത്രമായ്.
ഒഴുക്കിയ കണ്ണുനീർ പുഴകൾ ബാക്കി!

കണ്ണാടിനോക്കി നീ ചമച്ചൊരീരൂപം,
കാലത്തിൻ കയ്യിലെ മൺക്കുടമായി,
ഉടഞ്ഞുചിതറിയകഷ്ണങ്ങൾക്കിടയിൽ
ഉയിരറ്റയോർമ്മകൾ വിങ്ങുന്നുമെല്ലെ!

ഒറ്റയ്ക്കൊരന്ധമാം ഗർത്തത്തിലാഴ്ന്നു നീ,
ഒപ്പമില്ലാരുമേയില്ലാത്തയാത്ര,
മണ്ണിൻ പുതപ്പിനുള്ളിലെ മൗനത്തിൽ
മറവിതൻ വേരുകൾ പടരുന്നുചുറ്റും!

കരയുന്ന കണ്ണുകളലറുന്നനെഞ്ചകം,
കണ്ടുനില്‍ക്കുന്നവർ തൻ നിസ്സഹായത,
ഒടുവിലീശ്മശാന ശാന്തിയിൽ നീയും
ഒരു നീണ്ടനിശ്വാസമായിമാറിടുന്നു!

നിഗൂഢമീപാത നിശബ്ദമീയാത്ര,
നിനക്കായികാത്തൊരുശൂന്യമാം ലോകം,
നഷ്ടനിരാശകൾ നെയ്തൊരു മണ്ണിൽ
നീയെന്നുംതീരാത്തൊരു നോവായിമാറുന്നു!

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana