രചന : പ്രിയ ബിജു ശിവകൃപ .✍️
വിശ്വവിജയി വചനാമൃതധാരി
ധരണീതലേ കേൾവികേട്ടോൻ
അമരത്വമാർന്നൊരാ സ്മരണാവലി
ഭാരതഖണ്ഡത്തിങ്കൽ മുഴങ്ങീടുന്നു
വിശ്വപ്രപഞ്ചമാകെയലയടിക്കുമാ
ദീപ്തവചനങ്ങൾ തൻ മാറ്റൊലി
ഇനിവരും തലമുറകൾ പോലും
കേട്ടുവളരുന്ന സംസ്കൃതി
ഭയമെന്ന ചിന്തയെ വെടിയുവാ –
നാഹ്വാനം നൽകിയ
ഭാരതപുത്രൻ
നാമമന്വർത്ഥമാക്കുന്ന സ്വാമിജി
ജനസഞ്ചയത്തിനു മാർഗ്ഗദീപം
കഠിനതര ഹൃദയ വ്യഥ ചടുല
ചലനങ്ങളിൽ വിടുതലായിടുവാനായി
നിനവുകൾ പൂവിതളുകളാക്കുന്ന
ശ്രീ വിവേകാനന്ദ വചനങ്ങൾ
കേരളം ഭ്രാന്താലയമെന്നു ചൊല്ലിയ
വാമൊഴികളിന്നു സത്യമായ് തീർന്നു
ചിത്രപതംഗത്തിൻ വർണ്ണങ്ങളെന്ന
പോൽ വചനങ്ങൾ തെളിഞ്ഞിടുന്നു
സ്വാമി വിവേകാനന്ദാമൃതധാരയിൽ
ധീരത കൈമുതലാക്കുക നാം
ഭീരുത്വം മരണത്തിനു തുല്യമെന്ന-
രുളിയ സ്വാമിജി നമ്മുടെ പുണ്യം

