ഹതോത്സാഹനാകരുത്, നാം സദായുന്മേഷ-
ഹരികേശ ഹൃദയംകണക്കുദയമേകണം
ഹരിനാഥനെന്നപോലുയർത്തി ല്ലയെങ്കിലും
ഹർഷാശ്രുവോടൊന്നുയർത്തിടാം നന്മകം.

ഹസ്തകമലത്താൽത്തഴയ്ക്കില്ല; ഹൃത്തിലും
ഹർഷമോടുണരേണമാർജ്ജവം, സ്തുത്യകം
ഹാലികനാകിലും സേവനോത്സാഹമായ്
ഹാർദ്ദമായ് ചെയ്തുണർത്തീടണം ഭൂതലം.

ഹരിതസമൃദ്ധിയാലുദയം പകർന്നിടാം
ഹർമ്മ്യാങ്കണത്തിലിരുന്നുമതു ചെയ്തിടാം
ഹർഷനാം പ്രിയ സർക്കാർ സേവകനാകിലും
ഹസ്തിവാഹൻ തന്നെയായീടിലും തഥാ.

ഹരിവല്ലഭയെന്നുമുള്ളിൽ വിളങ്ങുവാൻ
ഹാരിതനാകാതിരിക്ക,നാം സാദരം
ഹാരികണ്ഠംപോലുണർന്നു പ്രാർത്ഥിക്കണം
ഹാനികരമാക്കാതിരിക്കേണമാർദ്രകം.

ഹിമഗിരിയെന്നപോലുരുകുന്ന മനസ്സുമായ്
ഹേഷിതംപോലുയർത്തേണ്ടയാ,സങ്കടം
ഹീരകംതന്നെയാക്കേണ്ടതില്ലാർദ്രമായ്,
ഹൃദയാലുവായി വർത്തിക്കാം പരസ്പരം.

ഹോമകുണ്ഡംപോൽ ജ്വലിക്കുന്നതെന്തകം;
ഹേമകേശൻ സദായേകട്ടെ സ്വസ്ഥകം
ഹോമിച്ചിടാനുള്ളതല്ല, യുവജീവിതം
ഹേമകന്ദളംപോൽ തിളങ്ങട്ടെ നിത്യവും.

ഹൈഡ്രജനകമേ നിറച്ചുയർത്തീടുമൊരു
ഹർഷഗോളംകണക്കുയരില്ല ജീവിതം
ഹാർദമായുത്സാഹ ചിന്തയാൽമാത്രമേ,
ഹേമവർണ്ണംപോൽ തിളങ്ങൂ മഹാസ്മിതം.

ഹോത്രീയ,നാളിപ്പടർത്തുന്നപോ,ലവൻ
ഹനിക്കില്ല,യകമേ തളിക്കുന്നു സ്നേഹനീർ
ഹാലാസ്യനാഥൻ നമുക്കുദയമേകുവോൻ
ഹിംസകനല്ലവൻ; കരുണതൻ തമ്പുരാൻ.

അൻവർ ഷാ

By ivayana